കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടി; ഫുട്‌ബോൾ പന്ത് കസ്റ്റഡിയിലെടുത്ത് നെട്ടൂർ പൊലീസ്
കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടിയ ഫുട്‌ബോൾ പന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ പന്താണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന രീതിയിൽ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. ( nettoor police takes football under custody )
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രണ്ടിലാണ് കുട്ടികളും പ്രദേശത്തെ യുവാക്കളും കളിച്ചുകൊണ്ടിരുന്നത്. ഈ സമയത്ത് വാഹന പരിശോധനക്കെത്തിയ പൊലീസ് ജീപ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തു. വാഹനം മാറ്റണമെന്നും അല്ലെങ്കിൽ ജീപ്പിൽ പന്ത് കൊള്ളുമെന്നും കുട്ടികൾ പറഞ്ഞു, എന്നാൽ പൊലീസ് കേട്ടില്ല എന്ന് കുട്ടികൾ പറയുന്നു. കളിക്കിടെ പന്ത് ജീപ്പിന്റെ ചില്ലിൽ കൊണ്ടതോടെ കളിമാറി. രോഷാകുലരായ പൊലീസുകാർ കുട്ടികളുടെ കളി മുടക്കി.
നെട്ടൂർ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫുട്‌ബോൾ കസ്റ്റഡിയിലെടുത്തു. ഇത് ജീപ്പിനകത്തിട്ട് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ എതിർത്തെങ്കിലും പൊലീസ് പന്ത് വിട്ടുനൽകിയില്ല. ഗ്രൗണ്ടിന് സമീപമുണ്ടായിരുന്നവർ ഫുട്‌ബോളിനെ ചൊല്ലി പൊലീസും കുട്ടികളും തമ്മിലുള്ള വാക്കുതർക്കം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം നാട്ടിൽ പാട്ടായി.
Story Highlights: nettoor police takes football under custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here