പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരാണോ?; ഈ ആനുകൂല്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം

പ്രതിസന്ധികള്‍ക്കിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികള്‍. പലപ്പോഴും കുടുംബത്തിന് വേണ്ടി മാത്രമായി പ്രവാസ ജീവിതം തെരഞ്ഞെടുത്തവരുടെ കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. പ്രവാസ ജീവിതം തുടങ്ങി വര്‍ഷങ്ങളായിട്ടും ഒന്നുമില്ലാതെ തിരികെ വന്ന് ശിഷ്ടകാലം കഴിച്ചുകൂട്ടുന്നവരും നമ്മുടെ നാട്ടില്‍ അനവധിയാണ്.
ഇന്ന് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി നിരവധി സഹായങ്ങള്‍ നല്‍കാന്‍ നോര്‍ക്ക റൂട്ട്‌സ് എന്ന സംവിധാനം നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മിക്കപ്പോഴും ഈ സംവിധാനങ്ങളെ കുറിച്ചുള്ള മതിയായ അറിവിന്റെ അഭാവം മൂലം അര്‍ഹിക്കുന്നവര്‍ക്ക് സഹായങ്ങള്‍ കിട്ടാറുമില്ല. അല്ലെങ്കില്‍ നാട്ടിലെത്തുന്ന ഒരു പ്രവാസിക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പലര്‍ക്കുമറിയില്ല.
നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒന്നാണ് സാന്ത്വനം. ഉദാഹരണത്തിന്, വിദേശത്ത് രണ്ട് വര്‍ഷം ജോലിചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഒരു പ്രവാസി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കണം. ഒരു ദശാബ്ദത്തില്‍ കൂടുതല്‍ വിദേശത്ത് ചെലവഴിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നവര്‍ മടങ്ങിയെത്തി 10 വര്‍ഷത്തിനുള്ളില്‍ അപേക്ഷിക്കണം.
സാന്ത്വന സഹായം എന്തിനെല്ലാം ലഭിക്കും?
സാന്ത്വന സ്‌കീമിന് കീഴില്‍, തിരികെയെത്തുന്ന പ്രവാസികള്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ വാര്‍ഷിക വരുമാനം 1.50 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. നാല് വിഭാഗങ്ങളിലായാണ് ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്. 50,000 രൂപയുടെ സാമ്പത്തിക സഹായം, പ്രവാസിയുടെ മരണത്തില്‍ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപ ഒറ്റത്തവണ സഹായം, പ്രവാസിയുടെ മക്കളില്‍ ഒരാളുടെ വിവാഹത്തിന് 15,000 രൂപ, ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ എന്നിവ സഹായങ്ങളില്‍ ഉള്‍പ്പെടുന്നു.
സഹായത്തിന് അപേക്ഷിക്കാനുള്ള യോഗ്യത
അപേക്ഷകന്റെ കുടുംബവരുമാനം 1.5 ലക്ഷം രൂപയില്‍ കവിയരുത്. ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും പ്രവാസിയായിരിക്കണം. സഹായത്തിന് അപേക്ഷിക്കുമ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള കാലയളവ് ഒരു വിദേശ രാജ്യത്ത് ജോലി ചെയ്തതിന്റെ കാലയളവിനെക്കാള്‍ കൂടാന്‍ പാടില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Story Highlights: Ending expat life and returning home? Be aware of these benefits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here