Advertisement

‘ഫണ്ട് പിരിച്ച ആവേശം വിനിയോഗത്തിലും മുസ്ലിം ലീഗിന് ഉണ്ടാകണം’; കെ.ടി ജലീൽ

August 2, 2023
Google News 2 minutes Read
kt-jaleel-about-muslim-league-fund-collection

ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിലും പിരിച്ച അതേ ആവേശമുണ്ടാകണമെന്ന് കെ.ടി ജലീൽ. പിരിവുകൾ നടന്ന ഘട്ടത്തിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട്. ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കഠ്‌വ-ഉന്നാവോ ഫണ്ട് തുടങ്ങിയ ഉദാഹരണമാണ്. ഖാഇദേ മില്ലത്ത് സൗധത്തിന് പിരിച്ച ഫണ്ടും മറ്റു ആവശ്യങ്ങൾക്ക് വിനിയോഗിക്കരുതെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.(K T Jaleel Against Muslim League)

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഓൺലൈൻ വഴി പണം സ്വരൂപിച്ച പോലെ അതിൻ്റെ വിനിയോഗവും ഓൺലൈൻ വഴി പണം തന്നവരെ ഇതേ ആവേശത്തോടെ അറിയിക്കാൻ ലീഗിന് ബാദ്ധ്യതയുണ്ട്. ഒരാവേശത്തിന് കിണറ്റിലേക്ക് എടുത്തു ചാടുന്നത് പോലെയാണ് ലീഗിൻ്റെ ധനശേഖരണം. പിന്നെ ആയിരം ആവേശം ഒപ്പം വന്നാലും കിണറ്റിൽ നിന്ന് ചാടിയ പോലെ പുറത്ത് കടക്കാൻ ആർക്കും കഴിയാറില്ലല്ലോ? ലീഗിൽ വിശ്വാസമർപ്പിച്ച ഒരു സമൂഹത്തിൻ്റെ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കുള്ള വിയർപ്പുതുള്ളിയുടെ വിലയാണ് സംഭാവനകളായി ഒഴുകിയെത്തിയതെന്നും ജലീൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം!
ഡൽഹിയിൽ ഖാഇദെമില്ലത്ത് സൗധം പണിയാൻ 25 കോടി ടാർജറ്റിട്ട് 27 കോടിയായ ആവേശത്തിലാണ് മുസ്ലിംലീഗ്. പിരിവുകൾ നടന്ന ഘട്ടങ്ങളിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട്.
ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കത്വ- ഉന്നാവോ ഫണ്ട്….. അങ്ങിനെ പലതും. ഓൺലൈൻവഴി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച പോലെ നടത്തിയ വിജയാഹ്ലാദം ഫണ്ട് വിനിയോഗത്തിൻ്റെ കാര്യത്തിലും ലീഗ് കാണിക്കണം.
കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇഡിയിൽ ഒരു കേസ് പോലും നിലവിലുണ്ട്. കുന്നമംഗലം പോലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും കേസുകളുണ്ട്. അതിൽ നിന്ന് മുഖം രക്ഷിക്കാൻ യൂത്ത്ലീഗ് ദേശീയ നേതാവിൻ്റെ രാജിക്കത്ത് ലീഗ് നേതൃത്വം വാങ്ങിയതും ആരും മറന്നു കാണില്ല. അതിലെ രണ്ട് പ്രധാന പ്രതികൾ തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ കമൻ്റെറി പോലെ ഓൺലൈൻ പിരിവിൻ്റെ ഫലസൂചിക മാലോകരെ അറിയിച്ചതെന്നത് ശുഭകരമല്ല. അത്തരക്കാരെ പൈസയുടെ നാലയലത്ത് പോലും അടുപ്പിക്കാതെ നേതൃത്വം നോക്കിയാൽ നന്ന്. പണവും അവരും കൂടി കണ്ടാൽ കാന്തവും ഇരുമ്പും കണ്ടപോലെയാണ്.
ഗുജറാത്ത്-സുനാമി ഫണ്ടുകളുടെ വിനിയോഗത്തിൽ സംഭവിച്ച വീഴ്ച ഖാഇദെ മില്ലത്ത് സൗധത്തിൻ്റെ കാര്യത്തിൽ ഉണ്ടാവരുത്. അവ ചോദ്യം ചെയ്തതാണല്ലോ ഈയുള്ളവൻ്റെ പുറത്താക്കലിൽ കലാശിച്ചത്.
പിരിക്കാൻ കാണിച്ച ആവേശം ഫണ്ട് വിനിയോഗത്തിൻ്റെ കാര്യത്തിലും ലീഗ് നേതൃത്വം കാണിക്കണം. ഓൺലൈൻ വഴി പണം സ്വരൂപിച്ച പോലെ അതിൻ്റെ വിനിയോഗവും ഓൺലൈൻ വഴി പണം തന്നവരെ ഇതേ ആവേശത്തോടെ അറിയിക്കാൻ ലീഗിന് ബാദ്ധ്യതയുണ്ട്.
ഒരാവേശത്തിന് കിണറ്റിലേക്ക് എടുത്തു ചാടുന്നത് പോലെയാണ് ലീഗിൻ്റെ ധനശേഖരണം. പിന്നെ ആയിരം ആവേശം ഒപ്പം വന്നാലും കിണറ്റിൽ നിന്ന് ചാടിയ പോലെ പുറത്ത് കടക്കാൻ ആർക്കും കഴിയാറില്ലല്ലോ? ലീഗിൽ വിശ്വാസമർപ്പിച്ച ഒരു സമൂഹത്തിൻ്റെ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കുള്ള വിയർപ്പുതുള്ളിയുടെ വിലയാണ് സംഭാവനകളായി ഒഴുകിയെത്തിയത്.
ഇത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് കടം വീട്ടാനും ചന്ദ്രികയുടെ നഷ്ടം നികത്താനും ഉപയോഗിച്ച് ഖാഇദെ മില്ലത്ത് സൗധം പാതി പണി തീർന്ന ഒരു പ്രേതരൂപമായി ഡൽഹിയിൽ നിൽക്കുന്ന അവസ്ഥ ഉണ്ടാകാതെ നോക്കണം. ലീഗ് പ്രവർത്തകർ അത് പൊറുക്കില്ല.

Story Highlights: K T Jaleel Against Muslim League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here