Advertisement

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം നാളെ

August 6, 2023
Google News 1 minute Read
Mission Indradhanush Mission 5.0 state level inauguration tomorrow

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8 മണിക്ക് പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിനായി ആരോഗ്യ വകുപ്പ് സജ്ജമായതായി മന്ത്രി പറഞ്ഞു.

വാക്സിനേഷന്‍ പ്രക്രിയയുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെല്ലാം ആവശ്യാനുസരണം വാക്സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി. വാക്സിനേഷനാവശ്യമായ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എന്‍മാരാണ് വാക്‌സിന്‍ നല്‍കുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകരുടെ ഏകോപനമുണ്ടാകും. ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം വാക്സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികളും വാക്സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടി കളെയും 2 മുതല്‍ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികള്‍) പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷന്‍ നല്‍കുന്നതാണ്. കൂടാതെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സഹായത്തോടെ വാക്‌സിനേഷന്‍ നല്‍കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. 10,086 സെഷനുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതില്‍ 289 എണ്ണം മൊബൈല്‍ സെഷനുകളാണ്.

ആഗസ്റ്റ് 7 മുതല്‍ 12 വരെയാണ് ഒന്നാംഘട്ട വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം.

പ്രായാനുസൃതമായ ഡോസുകള്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികള്‍ക്കും എം.ആര്‍ 1, എം.ആര്‍.2, ഡി.പി.റ്റി ബൂസ്റ്റര്‍, ഒപിവി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിന്‍ നല്‍കുന്നത്.

Story Highlights: Mission Indradhanush Mission 5.0 state level inauguration tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here