പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തം; രാഷ്ട്രീയ മത്സരമെന്ന് ചാണ്ടി ഉമ്മന്‍

വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. പിതാവിന്റെ വിയോഗത്തിന് ശേഷമുള്ള വികാരം ജനങ്ങളിലുണ്ടെങ്കിലും രാഷ്ട്രീയ പോരാട്ടം കൂടിയാണ് പുതുപ്പള്ളിയില്‍ നടക്കാന്‍ പോകുന്നതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
‘വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ചെയ്യാവുന്ന രീതിയില്‍ ആ ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കും. പിതാവ് 52 വര്‍ഷക്കാലത്തോളം പുതുപ്പള്ളിയുടെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവൃത്തിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, വി ഡി സതീശന്‍, കെ സുധാകരന്‍ തുടങ്ങിയവരോട് ബഹുമാനം അര്‍പ്പിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാകും പുതുപ്പള്ളിയിലെ പ്രവര്‍ത്തനം. സാധാരണക്കാരന്റെ ജീവിതത്തില്‍ കൈത്താങ്ങായി നില്‍ക്കാന്‍ എന്നും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരുന്നു. അതെല്ലാം കോണ്‍ഗ്രസിന് പോസിറ്റീവായി തീരും. അപ്പ മരിച്ചതിന് ശേഷമുള്ള തെരഞ്ഞെടുപ്പാണ്. ആ വികാരം ആളുകള്‍ക്കുണ്ടാകും. രാഷ്ട്രീയമായ പോരാട്ടം കൂടിയാണ് പുതുപ്പള്ളിയിലേത്. എല്ലാ മേഖലയിലും പരാജയപ്പെട്ട ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്’. ചാണ്ടി ഉമ്മന്‍ ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐഎമ്മില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരാണ് പരിഗണനയിലുള്ളത്; റെജി സഖറിയ, ജെയ്ക് സി തോമസ്, സുഭാഷ് പി വര്‍ഗീസ്. അനില്‍ ആന്റണിയുടെയും ജോര്‍ജ് കുര്യന്റെയും പേരാണ് ബിജെപി പരിഗണിക്കുന്നത്.
സെപ്തംബര്‍ 5നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Story Highlights: Chandi Oommen said about his Candidacy in Puthuppally