കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയരായ സിദ്ദിഖ്-ലാല്‍; ബമ്പര്‍ ഹിറ്റായി മാറിയ മിമിക്‌സ് പരേഡ്

കൊച്ചിന്‍ കലാഭവനിലൂടെയാണ് സിദ്ദിഖും ലാലും ശ്രദ്ധേയരായത്. ആ കൂട്ടുകെട്ടാണ് അനുകരണകലയുടെ വേദിയില്‍ നിന്ന് മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടായി മാറിയത്. 1981 സെപ്തംമ്പര്‍ 21ന് കേരളത്തിലെ ആദ്യ മിമിക്‌സ് പരേഡ് അവതരിപ്പിച്ച ആറ് അംഗ സംഘത്തിലെ പ്രധാനികളായിരുന്നു സിദ്ദിഖും ലാലും. പ്രതീക്ഷിക്കാത്ത രീതിയിലുള്ള ബമ്പര്‍ ഹിറ്റായിരുന്നു ആദ്യത്തെ മിമിക്‌സ് പരേഡ്.
1980കളുടെ തുടക്കത്തില്‍ കൊച്ചിയില്‍ സിനിമാ മോഹവുമായി നടന്ന ആത്മസുഹൃത്തുക്കളായിരുന്നു സിദ്ദിഖ്-ലാല്‍. ഒരു ദിവസം ഉണരുന്നതു തന്നെ എത്ര സിനിമകള്‍ കാണാം എന്ന് ആലോചിച്ചുകൊണ്ടായിരുന്നു എന്ന് അക്കാലത്തെപ്പറ്റി സിദ്ദിഖ് പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമാക്കഥകള്‍ എഴുതി നടക്കുന്ന കാലത്താണ് ആബേലച്ചന്റെ നേതൃത്വത്തിലുള്ള കൊച്ചിന്‍ കലാഭവന്റെ മിമിക്രി ട്രൂപ്പിന് തുടക്കം കുറിച്ചത്.. ഗാനമേളയ്ക്കിടെയില്‍ അവതരിപ്പിച്ച മിമിക്രിയെ മുഴുനീള കലാവിരുന്നായി അവതരിപ്പിക്കാനുള്ള ആശയം ആബേലച്ചന്റേതായിരുന്നു.
230 രൂപ മാസ ശമ്പളത്തില്‍ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന കാലത്താണ് കൊച്ചിന്‍ കലാഭവന്റെ അടുത്തുള്ള നോര്‍ത്ത് 7 ഹോട്ടലില്‍ സിദ്ദിഖും ലാലും പ്രസാദും അന്‍സാറും റഹ്‌മാനും വര്‍ക്കിച്ചനുമൊക്കെ ഒത്തുകൂടി മിമിക്രിയുടെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചത്. ‘മിമിക്‌സ് പരേഡ്’ എന്ന് പേരിട്ടത് സിദ്ദിഖാണ്. തിരശീല ഉയരുമ്പോള്‍ പാന്റ്‌സും ജുബ്ബയും ധരിച്ച 6 പേരും 6 മൈക്കും അവതാരകനായി വര്‍ക്കിച്ചന്‍ പേട്ടയും. പിന്നാലെ ചിരിപ്പൂരം ഒരുക്കി സിദ്ദിഖും ലാലും പ്രസാദും റഹ്‌മാനും അന്‍സാറും.
പത്തിരുപത് പരിപാടിക്കപ്പുറം പോകില്ലെന്ന് സിദ്ദിഖും ലാലുമൊക്കെ കരുതിയിരുന്ന മിമിക്‌സ് പരേഡ് സൂപ്പര്‍ ഹിറ്റായി മാറി. തൃശൂര്‍ പൂരം വെടിക്കെട്ട്, യന്ത്ര മനുഷ്യന്‍, ഓട്ടോറിക്ഷയിലെ ഗര്‍ഭിണിയൊക്കെ സ്റ്റേജിലെത്തി കാണികളുടെ കയ്യടി വാങ്ങി. ജയറാം, ദിലീപ്, കലാഭവന്‍ മണി, അബി അടക്കം മലയാള സിനിമയിലെ മുന്നണിയിലും പിന്നണിയിലുമുള്ള ഒരു നിര താരങ്ങള്‍ മിമിക്‌സ് പരേഡിന്റെ ഭാഗമായി. അങ്ങനെ മിമിക്‌സ് പരേഡിന് തുടക്കമിട്ട സിദ്ദിഖ് ചില അസ്വാരസ്വങ്ങള്‍ കാരണം ട്രൂപ്പ് വിടുന്നു. എന്‍ എഫ് വര്‍ഗീസും ഹരിശ്രീ അശോകനും സിദ്ദിഖും ലാലും ചേര്‍ന്ന് ഹരിശ്രീ എന്ന പേരില്‍ പുതിയ ട്രൂപ്പിന് തുടക്കമിടുന്നു. കലാഭവന് വെല്ലുവിളിയായി അങ്ങനെ ഹരിശ്രീ വളരുന്നു.
Read Also: തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌മേക്കര്‍; സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കയ്യിലൊതുക്കിയ സംവിധായകന്‍
മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഒരു കാലത്തിന്റെ അടയാളപ്പെടുത്തലായിരുന്നു കലാഭവൻ, ഹരിശ്രീ കാലം. പില്‍ക്കാലത്ത് സിനിമാവഴി തെരഞ്ഞെടുത്ത സിദ്ദിഖും ലാലും എറണാകുളം കച്ചേരിപ്പടിയിലെ മയൂര പാര്‍ക്ക് ഹോട്ടലിലെ 205ആം റൂമിലിരുന്ന് എഴുതിയ കഥകള്‍ ഒക്കെയും മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായി മാറുകയായിരുന്നു.
Story Highlights: Siddique – Lal became famous through Cochin KalaBhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here