ഉമ്മകളെ ഭയക്കാത്ത രാഹുൽ ഗാന്ധി, ഒരു ഉമ്മ വിവാദത്തിൽപ്പെട്ടത് എങ്ങനെ?
നോക്കെത്താത്ത ദൂരത്തുള്ള ദൈവത്തെ നോക്കി, ആരാധനയോടെ ഭക്തർ പറത്തിവിട്ട, നൂറുകണക്കിന് മെസപ്പൊട്ടേമിയൻ ഉമ്മകളിൽ നിന്നാണ് ,ലോകത്ത്, പറക്കും ഉമ്മകൾ അഥവാ ഫ്‌ളൈയിംഗ് കിസ്സുകൾ ഉണ്ടായതെന്നാണ്, മാർസെൽ ഡാനെസി ഉമ്മകളുടെ ചരിത്രത്തിൽ പറയുന്നത്. ഒരേ സമയം പരസ്യവും അതീവ സ്വകാര്യവും ഇന്റിമേറ്റും ആകുന്നു, പറക്കും ഉമ്മകൾ എന്നതാണ് വലിയ പ്രത്യേകത. പാർലമെന്റിലേക്ക് ഇത്തരമൊരു ഉമ്മ പറന്നെത്തിയെന്ന് ,ആരോപിച്ച് ഉയരുന്ന കോലാഹലങ്ങൾ, പക്ഷേ, മർമപ്രധാനമായ ചില മറുചോദ്യങ്ങളും ഉയർത്തിവിടുന്നുണ്ട്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്‌ളൈയിംഗ് കിസ്സെറിഞ്ഞോ ഇല്ലയോ എന്ന ചോദ്യത്തേയും മറികടന്ന് ,ഏറെ ദൂരെ പോയിരിക്കുന്നു ഫ്‌ളൈയിംഗ് കിസ്സ് വിവാദം.
മെസപ്പോട്ടോമിയയിൽ നിന്ന് പേർഷ്യയിലേക്കും, ബാൽക്കണികളിൽ നിന്ന് ബാൽക്കണികളിലേക്കും, ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്കും, പറത്തിവിടാറുള്ള അതേ ഫ്‌ളൈയിംഗ് കിസ്സ,് രാഹുൽ ഗാന്ധി ലോക്‌സഭയിൽ, വനിതാ അംഗങ്ങൾക്ക് നേരെ കാണിച്ചെന്നതാണ് വിവാദ വിഷയം. സ്മൃതി ഇറാനിയാണ് ആരോപണം ഉയർത്തിയത്. തനിക്ക് മുൻപ് സംസാരിച്ചയാൾ, അമാന്യമായ ഒരു ചേഷ്ട കാണിച്ചെന്നും, ഒരു സ്ത്രീ വിരുദ്ധന് മാത്രമേ ഇത്തരത്തിൽ ഒന്ന് കാണിക്കാൻ കഴിയൂ, എന്നുമായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. അവിശ്വാസ പ്രമേയ ചർച്ചകൾക്കിടെ, തന്റെ സംസാരം അവസാനിപ്പിച്ച്, രാഹുൽ പാർലമെന്റിൽ ഉമ്മ പറത്തിവിട്ടു എന്ന് തോന്നിപ്പിക്കുന്ന, ഒരു വിഡിയോ പുറത്തുവന്നിട്ടുമുണ്ട്. എന്നാൽ സ്പീക്കർക്ക് നേരെ, രാഹുൽ കാണിക്കുന്ന ഉമ്മയെന്ന് തോന്നുന്ന ആഗ്യം, സ്പീക്കറുടെ ചേംബറിൽ തട്ടി 45 മുതൽ 90 വരെ ഡിഗ്രി ചെരിഞ്ഞ് പ്രതിഫലിച്ചാൽ മാത്രമേ, ഉമ്മ വനിതാ അംഗത്തിന് നേരെയായിരുന്നുവെന്ന് പറയാൻ സാധിക്കൂ, എന്ന് പറയുന്നുണ്ട് നെറ്റിസൺസ്.
അയോഗ്യത കടന്ന് വന്ന് മണിപ്പൂർ ഉൾപ്പെടെയുള്ള നീറുന്ന വിഷയങ്ങളിൽ, പ്രതിപക്ഷ പ്രതിഷേധങ്ങളുടെ കുന്തമുനയാകാൻ, രാഹുൽ ഗാന്ധി സഭയിൽ ഉയർന്ന് നിൽക്കുമ്പോൾ, സഭയിൽ അവിശ്വാസ പ്രമേയം കത്തുമ്പോൾ, രാഹുലിനെ പ്രഹരിയ്ക്കാൻ ഭരണപക്ഷ അംഗങ്ങൾ തെരഞ്ഞെടുത്ത, ഈ പറക്കും ഉമ്മയെന്ന വടി തീരെ കനംകുറഞ്ഞ് പോയില്ലേ എന്ന മറുചോദ്യം, അന്തരീക്ഷത്തിലുണ്ട്. ഒരു പുരുഷന്റെ, അമാന്യമെന്ന് കരുതുന്ന ചേഷ്ടയെ, എതിർക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തെ, ചർച്ചകൾ കാണാതെ പോകുന്നില്ല. ഈ എതിർപ്പ്, സ്ത്രീ വിരുദ്ധതയെക്കുറിച്ചുള്ള ആകുലതകൾ, എല്ലാ വിഷയത്തിലും ഉണ്ടാകണ്ടേ എന്ന വളരെ ശക്തമായ വിമർശനം, സ്മൃതി ഇറാനി നേരിടുന്നുണ്ട്.
ഫ്‌ളൈയിംഗ് കിസ്സ് മാഡം ജിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി, പക്ഷേ മണിപ്പൂരിൽ സ്ത്രീകൾക്ക് സംഭവിച്ചത് പ്രശ്‌നമല്ല ,എന്ന നടൻ പ്രകാശ് രാജിന്റെ പ്രതികരണം, വ്യാപകമായി ചർച്ചയാക്കപ്പെട്ടു. മണിപ്പൂരിൽ ദിവസേനെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ മാത്രമല്ല, ബ്രിജ് ഭൂഷൺ ചരൺ സിംഗിനെതിരായ, ലൈംഗികാരോപണത്തിലും സ്മൃതി ഇറാനിയുടെ മൗനം, ഉമ്മ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്.
ഒരു പുരുഷന്റെ ചേഷ്ടയിൽ, ഒരു സ്ത്രീയ്ക്ക് തോന്നുന്ന പ്രയാസവും ബുദ്ധിമുട്ടും ഒരിക്കലും വിലകുറച്ച് കാണാനാകുന്നതല്ല. എന്നിരിക്കിലും പറക്കും ഉമ്മകൾ, സാംസ്‌കാരികമായും ചരിത്രപരമായും ഒരു അമാന്യമായ ചേഷ്ടയായിരുന്നോ എന്ന് ചോദിച്ചാൽ, ആകാൻ സാധ്യതയില്ലെന്ന് പറയേണ്ടി വരും. വിദേശത്ത് ബ്ലോവിംഗ് കിസ്സ് എന്നറിയപ്പെടുന്ന, പറക്കും ഉമ്മകളെ ഫ്‌ളൈംയിംഗ് എന്ന് മാറ്റി, ഭാരം കുറച്ചുകളഞ്ഞത് ഇന്ത്യക്കാരാണ്. മെസപ്പൊട്ടോമിയയിൽ ദൈവത്തോടുള്ള ആരാധന കാണിക്കാനും, പേർഷ്യയിൽ സമന്മാരോട് സലാം വയ്ക്കാനും പറക്കും ഉമ്മകൾ ഉപയോഗിക്കപ്പെട്ടു. നമ്മൾ സ്മാർട്ടായതോടെ പറക്കും ഉമ്മകളും സ്മാർട്ടായി. ജിഫുകളായും സ്റ്റിക്കറുകളായും, തൊട്ടാൽ വൈബ്രേറ്റ് ചെയ്യുന്ന ബട്ടണുകളായും സ്മാർട്ട് ഫോൺ പറക്കും ഉമ്മകളെ കൈയെത്താത്ത ദൂരത്തേക്ക് പറത്തിവിട്ടു.
ചുംബനത്തിന്റെ തീവ്രതയില്ലാതെ, പറത്തിവിടാവുന്നവയാണ് ഉമ്മകൾ. പ്രണയത്തിന്റേയും, രതിയുടേയും, സൗഹൃദത്തിന്റേയും, ഭക്തിയുടേയും, ആരാധനയുടേയും, അതിർവരമ്പുകൾ വകവെക്കാതെയാണ്, ഇത്തരം ഉമ്മകൾ ചരിത്രത്തിലുടനീളം പറന്നുനടന്നത്. എന്നിരിക്കിലും അപരിചിതയായ ഒരു സ്ത്രീയുടെ മുഖത്ത് നോക്കി, ഒരു പുരുഷൻ പറക്കും ഉമ്മകളെറിയുന്നത് തീർച്ചയായും ഒഫന്റഡ് ആകാവുന്ന, ഒരു വിഷയം തന്നെയാണ്. മാന്യമോ അമാന്യമോ എന്ന് വേർതിരിക്കാൻ മറ്റേതൊരു ചുംബനത്തേക്കാൾ, പ്രയാസം തന്നെയാണ്, ഫ്‌ളൈയിംഗ് കിസ്സുകളുടെ കാര്യം.
രാഹുൽ ഇതാദ്യമായല്ല ആലിംഗനങ്ങളുടെ പേരിൽ, ചുംബനങ്ങളുടെ പേരിൽ പുലിവാലുപിടിക്കുന്നത്. പാർലമെന്റിന് അകത്ത് വച്ചുതന്നെ ഉണ്ടായിട്ടുണ്ട് , സ്‌നേഹ പ്രകടനങ്ങളുടെ പേരിൽ രാഹുലിനെതിരെ വിവാദങ്ങൾ. 2018ൽ ഇതുപോലൊരു അവിശ്വാസ പ്രമേയ ചർച്ചകളുടെ സമയത്തായിരുന്നു, ഒരു വിവാദം. തന്റെ പ്രസംഗ ശേഷം അദ്ദേഹം, പ്രധാനമന്ത്രിയ്ക്ക് അരികിലേക്ക് നടന്നുനീങ്ങിയതും, മോദിയെ വാരിപ്പുണർന്നതും വലിയ ചർച്ചയായി. ആലിംഗനത്തിന് ശേഷം ശാന്തനായി രാഹുൽ നടന്നുവന്ന് ,സ്വന്തം സീറ്റിനരികിൽ വന്ന് ,കണ്ണിറുക്കി കാണിച്ചത് ഇന്നും വൈറലായ വിഡിയോയാണ്.
പാർലമെന്റിൽ ഇത്തരം ചേഷ്ടകൾ കാണിക്കാൻ, ഒരു സ്ത്രീവിരുദ്ധന് മാത്രമേ സാധിക്കൂ എന്നതാണ് സ്മൃതി ഇറാനി ഉന്നയിച്ച, ആരോപണം. ഈ ആരോപണത്തോട് ട്വിറ്ററിലൂടെ കവയത്രി ഡോ മീന കന്തസ്വാമി നടത്തിയ പ്രതികരണം ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. വിടർത്തിയ കരങ്ങളിലൂടെ പരസ്പരം ആലിംഗനം ചെയ്യാൻ, നീട്ടിയ കൈയിൽ കുലുക്കി പരസ്പരം പരിചയപ്പെടാൻ, തുറന്ന ഹൃദയത്തോടെ സംസാരിക്കാൻ ,രാഹുൽ, ചുറ്റും നിൽക്കുന്ന സ്ത്രീകൾക്ക് എത്രമാത്രം കംഫർട്ട് നൽകുന്നുവെന്ന്, ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങൾ വിവരിച്ചാണ്, മീനയുടെ ട്വീറ്റ്.
തുറന്ന കൈകളും ഹൃദയത്തോടും കണ്ണുകളോടും കൂടെ, രാഹുൽ ഭാരതം നീളെ നടന്നപ്പോൾ ,നമ്മുടെ മനസിലുള്ള പുരുഷ വാർപ്പുമാതൃകളെ അദ്ദേഹം ശുദ്ധീകരിച്ചെടുത്തു എന്ന് മീന പറയുന്നു. സ്വന്തം മകളുടെ, അമ്മയുടെ, സഹോദരിയുടെ കൂടെയുള്ള നിമിഷം പോലും, പരസ്പര വിശ്വാസമില്ലാതെ ചെലവഴിക്കണമെന്ന മനുസ്മൃതി വിശ്വാസങ്ങളേയും, രാഹുലിന്റെ ശരീരഭാഷ വെല്ലുവിളിയ്ക്കുന്നു. ടെസ്‌റ്റോസ്റ്റീറോണാൽ നയിക്കപ്പെട്ടിരുന്ന, രാഷ്ട്രീയത്തിന്റെ ആണത്ത ഒച്ചപ്പാടുകളേയും മറികടന്ന്, രാഹുൽ സഞ്ചരിക്കുന്നതായി മീനാ കന്തസ്വാമി ട്വിറ്ററിൽ കുറിച്ചു. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറന്നയാൾക്ക് ആലിംഗനവും പുഞ്ചിരിയും ചുംബനവുമല്ലാതെ മറ്റെന്താണ് ആയുധമായുള്ളത്?
Story Highlights: Rahul Gandhi and the flying kiss controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here