കോടികൾ ചെലവിട്ടിട്ടും ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി വർഷങ്ങൾക്കിപ്പുറവും പാതിവഴിയിൽ

കോടികൾ ചെലവിട്ടിട്ടും ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി വർഷങ്ങൾക്കിപ്പുറവും പാതിവഴിയിൽ. ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 24 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കാൻ ആയിരുന്നു 2014 ൽ ലക്ഷ്യമിട്ടിരുന്നത്. കരാർ കമ്പനിയുമായി നിയമ പ്രശ്‌നത്തിൽ ആയതും, വിദേശ കമ്പനിയുമായി നേരിട്ട് കെഎസ്ഇബി സഹകരിക്കുന്നതും ഉൾപ്പെടെയുള്ള കുരുക്കുകളാണ് തിരിച്ചടി ആയത്. ( bhoothathankettu project 24 exclusive )
ഭുതത്താൻകെട്ട് അണക്കെട്ടിലെ വെള്ളം മഴക്കാലത്ത് കെട്ടി നിർത്തേണ്ട ആവശ്യമില്ല. ഈ ജലം പാഴാക്കാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനു വേണ്ടിയാണ് ഭൂതത്താൻകെട്ട് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതി പൂർത്തിയാകുന്നതോടെ 24 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്നും ഉല്പാദിപ്പിക്കുവാൻ കഴിയും എന്നായിരുന്നു വൈദ്യുത വകുപ്പിന്റെ കണക്കുകൂട്ടൽ.
വർഷങ്ങൾക്ക് മുൻപ് ഭൂതത്താൻകെട്ടിലെ വനമേഖല വെട്ടിതെളിച്ചാണ് പദ്ധതിക്കുവേണ്ടിയുള്ള സ്ഥലം കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ ഭയാനകമാം വിധം കാട് മൂടിയ സ്ഥിതിയിലാണ് പദ്ധതി പ്രദേശം.
ഭൂതത്താൻ കെട്ടിലെ വലതുകരയിൽ ജലസേജന വകുപ്പിന് കീഴിലെ 2.18 ഹെക്ടർ ഭൂമിയും വനംവകുപ്പിന്റെ 2 ഹെക്ടർ ഭൂമിയുമാണ് വൈദ്യുതവകുപ്പ് അന്ന് ഏറ്റെടുത്തത്. ഭൂതത്താൻ കെട്ടേിൽ നിന്നും കനാൽ വഴി എത്തിക്കുന്ന വെള്ളം വലിയ പൈപ്പുവഴി കടത്തിവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൽക്കാൻ മെറ്റലറിക് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു ആദ്യം നിർമ്മാണ കരാർ. എന്നാൽ നിശ്ചിത കാലാവധി കഴിഞ്ഞ് എട്ടുവർഷം കഴിഞ്ഞിട്ടും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ കമ്പനി പദ്ധതി ഉപേക്ഷിച്ച് മുങ്ങി. കോടികളുടെ നഷ്ടം സർക്കാരിന് ഈ വകയിൽ ഉണ്ടായി. തുടർന്ന് വൈദ്യുതി വകുപ്പ് നേരിട്ട് നിർമ്മാണം ഏറ്റെടുത്തു. 168 .61 കോടി രൂപയ്ക്കായിരുന്നു ആദ്യം കരാർ കൈമാറിയത്. എന്നാൽ നിർമ്മാണം ഇപ്പോഴും പാതിവഴിയിൽ.
ബൾബ് ടർബൈനാണ് പ്രോജക്ട് റിപ്പോർട്ട് പ്രകാരം സ്ഥാപിക്കേണ്ടത്. ചൈനയിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ഇതുവരെ ഉപയോഗിച്ചിട്ടില്ല. ചൈനയിൽ നിന്ന് ഉപകരണങ്ങൾ എത്തിക്കാൻ സാധിക്കാത്തതാണ് പദ്ധതി പാതി വഴിയിൽ വെള്ളാനയായി തുടരാനുള്ള കാരണമെന്നതാണ് വസ്തുത. ഭൂതത്താൻകെട്ട് പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമായി പൊരുത്തപ്പെടുന്നതല്ല ഈ സാങ്കേതിക വിദ്യ എന്ന ആക്ഷേപം ഉയർന്നു. അങ്ങനെ എങ്കിൽ പദ്ധതി ലാഭകരമാവില്ലന്ന സംശയവും ബാക്കിയാണ്.
Story Highlights: bhoothathankettu project 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here