Advertisement

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽ ബോൾട്ടുകൾ അഴിഞ്ഞ നിലയിൽ; പൊലീസ് അന്വേഷിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

August 13, 2023
Google News 2 minutes Read
chandy oommen vehicle thiruvanchoor

പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽ ബോൾട്ടുകൾ അഴിഞ്ഞ നിലയിൽ. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. സിഎംഎസ് കോളേജിലെ പരിപാടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് ഇത് ശ്രദ്ധയിൽ പെട്ടത്. പിൻ വീലിലെ ബോൾട്ടുകൾ മുഴുവൻ അഴിഞ്ഞ നിലയിലായിരുന്നു. (chandy oommen vehicle thiruvanchoor)

സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. വാഹനം മുന്നോട്ടുപോകുമ്പോൾ തൻ്റെ ഡ്രൈവർ ശബ്ദം കേട്ട് ചാണ്ടി ഉമ്മൻ്റെ വാഹനത്തിനു പിന്നാലെ ഓടിയെത്തി വിവരം പറഞ്ഞു. പരിശോധിച്ചപ്പോൾ പിൻ വീലിലെ ബോൾട്ടുകൾ മുഴുവൻ അഴിഞ്ഞ നിലയിലായിരുന്നു. ഇത് സ്വാഭാവികമല്ലല്ലോ. തങ്ങൾ പരാതിനൽകുന്നില്ല. പക്ഷേ, പൊലീസ് അന്വേഷിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 24ന് പുതുപ്പള്ളിയിൽ എത്തും. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല.

Read Also: മുഖ്യമന്ത്രി 24ന് പുതുപ്പള്ളിയിലെത്തും; രാഷ്ട്രീയം പറഞ്ഞ് പ്രചാരണം നടത്തിയാൽ മതിയെന്ന് സിപിഐഎം

ഇതിനിടെ, പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞാൽ മതിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. വ്യക്തിഗത വിമർശനങ്ങളിലേക്ക് പോകേണ്ട. സർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചാരണമാക്കും. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതും പ്രതിപക്ഷം വികസനങ്ങൾക്ക് തടസം നിൽക്കുന്നതും ചർച്ച ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലപര്യടനത്തിലാണ് ഇടത്-വലത് സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറിൽ വമ്പൻ റോഡ് ഷോ സംഘടിപ്പിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തിൽ നിറസാന്നിധ്യമായത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെയും കടന്ന് പോയി.

ഇന്നും മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കാണുകയാണ് ജെയ്ക് സി തോമസിന്റെ പ്രധാന പരിപാടി. സിപിഐഎം സംസ്ഥാന-ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ജെയ്കിനൊപ്പം ചേരും. വൈകുന്നേരങ്ങളിൽ കുടുംബയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടിയുടെ 40-ാം ചരമദിനത്തിന് ശേഷമേ യുഡിഎഫ് വിപുലമായ മണ്ഡലപര്യടനത്തിലേക്കും പ്രചരണത്തിലേക്കും കടക്കുകയുള്ളു. നിലവിൽ വോട്ടർമാരെ നേരിൽ കാണുന്നുണ്ടെങ്കിലും കൊട്ടിഘോഷിച്ചുള്ള പര്യടനമില്ല. മറ്റന്നാൾ കെസി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ മണ്ഡലത്തിലെത്തും.

Story Highlights: chandy oommen vehicle thiruvanchoor radhakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here