NSS നെ രൂക്ഷമായി വിമർശിച്ച് എൽആർ ബിന്ദു; ഇത്തരം ആൾക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്ന് സംഗീത് കുമാർ; പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി ബിന്ദു
മിത്ത് വിവാദത്തിൽ എൻഎസ്എസ് വൈസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം കൗൺസിലർ. തിരുവനന്തപുരത്ത് എൻഎസ്എസിന്റെ പരിപാടിയിലാണ് ആറന്നൂർ കൗൺസിലർ എൽആർ ബിന്ദു മേനോന്റെ വിമർശനം. ഇത്തരം ആൾക്കാരെ എൻഎസ്എസ് പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്ന് വൈസ് പ്രസിഡന്റ് സംഗീത് കുമാർ അതേ വേദിയിൽ പ്രതികരിച്ചു. ( lr bindu slams nss )
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഎസ്എസിനെ അനുനയിപ്പിക്കാൻ സർക്കാരും സിപിഐഎമ്മും ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം. മേലാറന്നൂർ എൻഎസ്എസ് കരയോഗത്തിന്റെ വാർഷികാഘോഷ വേദിയിലായിരുന്നു എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ.സംഗീത്കുമാറിനെ വേദിയിലിരുത്തി ആറന്നൂർ കൗൺസിലർ ബിന്ദു മേനോന്റെ വിമർശനം.
‘നമുക്ക് എല്ലാവർക്കും വിശ്വാസം വേണം. അതിനൊപ്പം സയൻസും പഠിക്കണം. സയൻസും വിശ്വാസവും ഒരുമിച്ച് കൊണ്ടുപോകണം’- ബിന്ദു പറഞ്ഞു.
എന്നാൽ ആര് പറഞ്ഞാലും പ്രതികരിക്കുമെന്നും നാമജപ ഘോഷയാത്ര സംഘടിപ്പിക്കുമെന്നും എത്ര കേസെടുത്താലും ഇനിയും പ്രതികരിക്കുമെന്നുമായിരുന്നു വൈസ് പ്രസിഡന്റ് സംഗീത് കുമാറിന്റെ മറുപടി. ഇങ്ങനെയുള്ളവരെ പരിപാടിക്ക് വിളിക്കരുതെന്നും സംഗീത് കുമാർ വേദിയിൽ പറഞ്ഞു.
മറുപടിയിൽ പ്രതിഷേധിച്ചു കൗൺസിലർ ബിന്ദു മേനോൻ പരിപാടിയിൽ നിന്നിറങ്ങി പോയി. എൻഎസ്എസ് തിരുവനന്തപുരത്തു സംഘടിപ്പിച്ച നാമജപ യാത്രയ്‌ക്കെതിരെയെടുത്ത കേസ് പിൻവലിക്കാൻ സർക്കാർ നീക്കം നടത്തുമ്പോഴാണ് വീണ്ടും വിഷയം ചർച്ചയാകുന്നത്.
Story Highlights: lr bindu slams nss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here