ഐസക് സാറേ.. അതിബുദ്ധി വേണ്ട.. എന്റെ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടിയല്ല; മാത്യു കുഴൽനാടൻ

വീണാ വിജയനുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് ആരോപണത്തിൽ സിപിഐഎം നേതാവ് തോമസ് ഐസക്കിന് മറുപടിയുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. ആരോപണം അടിസ്ഥാനരഹിതമാണെന്നും മാസപ്പടി വിവാദത്തിന് തിരശീല വീണെന്നുമുള്ള തോമസ് ഐസക്കിൻ്റെ പ്രതികരണത്തിനാണ് മാത്യു കുഴൽനാടൻ മറുപടി നൽകിയത്. ഐസക് സാറേ..അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ എന്ന തലക്കെട്ടോടെയായിരുന്നു കുഴൽനാടൻ്റെ കുറിപ്പ്.(Mathew Kuzhalnadan Facebook post against Thomas Isaac)
Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം
അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടൻസിയിൽ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്നം. ഇനി അങ്ങ് ഇല്ലെങ്കിൽ അക്കൗണ്ടൻസി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാൻ സ്വാഗതം ചെയ്യും. അപ്പോ വാദം ഇനിയും തുടരാമെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഐസക് സാറേ..
അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ..
എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് ( സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോൾ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം ) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ CMRL ൽ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നൽകിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് IGST കണക്കുകൾ പുറത്ത് കൊണ്ടുവരുന്നത്.
ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂ..
ഈ കാര്യം ഞാൻ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലൻ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാൻ മറുപടിക്കായി കാക്കുന്നു..
പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടൻസിയിൽ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്നം. ഇനി അങ്ങ് ഇല്ലെങ്കിൽ അക്കൗണ്ടൻസി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാൻ സ്വാഗതം ചെയ്യും..
അപ്പോ വാദം ഇനിയും തുടരാം..
Now its your turn..
Story Highlights: Mathew Kuzhalnadan Facebook post against Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here