റോൾസ് റോയ്‌സിൽ ടാങ്കർ ഇടിച്ച് അപകടം; ടാങ്കറിലുണ്ടായിരുന്ന 2 പേർ മരിച്ചു, കാർ യാത്രക്കാർക്ക് പരിക്ക്

ഹരിയാനയിൽ ആഡംബര കാർ ഹെവി വാഹനവുമായി കൂട്ടിയിടിച്ച് അപകടം. ഗുരുഗ്രാമിന് സമീപം ഡൽഹി-മുംബൈ-ബറോഡ എക്‌സ്‌പ്രസ് വേയിൽ റോൾസ് റോയ്സ് എണ്ണ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ടാങ്കർ ഡ്രൈവറും സഹായിയും മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
നാഗിന പൊലീസ് സ്റ്റേഷന് കീഴിലുള്ള ഉമ്രി ഗ്രാമത്തിന് സമീപമാണ് അപകടം. തെറ്റായ വശത്ത് കൂടി വരികയായിരുന്ന ടാങ്കർ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിൽ ലിമോസിന് തീപിടിച്ചതായി പൊലീസ് പറഞ്ഞു. പിന്നിൽ മറ്റൊരു കാറിലുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട അഞ്ചുപേരെയും ഇവർ പുറത്തെടുത്തു.
ഉത്തർപ്രദേശ് സ്വദേശികളായ ടാങ്കർ ഡ്രൈവർ രാംപ്രീത്, സഹായി കുൽദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആഡംബര കാറിലുണ്ടായിരുന്ന ചണ്ഡീഗഡ് സ്വദേശികളായ ദിവ്യ, തസ്ബീർ, ഡൽഹി സ്വദേശി വികാസ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Highlights: Tanker crashes into Rolls Royce in Haryana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here