‘ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ല’; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി അച്ചു ഉമ്മന്‍

പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളിലെ വിവാദങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടിയുമായി അച്ചു ഉമ്മന്‍. പ്രഫഷനില്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സൈബര്‍ പോരാളികള്‍ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ഇടപെടലുകളെന്നും ഇത് വളരെ നിരാശാജനകമാണെന്നും അച്ചു ഉമ്മന്‍ കുറിച്ചു.
അച്ചു ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കണ്ടന്റ് ക്രിയേഷന്‍ ഒരു പ്രഫഷനായി ഞാന്‍ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ ഞാന്‍ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാന്‍ഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്.
ഇത്രയും നാളായി ഈ പ്രഫഷനില്‍ എന്റെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാന്‍ സ്വന്തമാക്കിയിട്ടില്ല. ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലര്‍ത്തിയിട്ടുമുണ്ട്.
എന്നാല്‍, കുറച്ചു ദിവസങ്ങളായി ചില സൈബര്‍ പോരാളികള്‍ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകള്‍. ഇതു വളരെ നിരാശാജനകമാണ്.
പുതിയ മോഡല്‍ വസ്ത്രങ്ങള്‍, ഫാഷന്‍ സമീപനങ്ങള്‍, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും പൂര്‍ണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.
എന്നാല്‍, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവര്‍ത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു.
Story Highlights: Achu Oommen Facebook post on cyber attacks in social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here