കുൽദീപും ചാഹലും പുറത്ത്, സഞ്ജു ടീമിൽ; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് മാത്യു ഹെയ്ഡൻ
ഏകദിന ലോകകപ്പിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ആവേശത്തിലാണ്. ഇന്ത്യയാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ടീം ഇന്ത്യയെ ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകൾക്കിടെ ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങളും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഉൾപ്പെടുത്തി ടീമിനെ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. ചിലരാകട്ടെ ലോകകപ്പ് വിജയികളെ തന്നെ പ്രവചിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഹെയ്ഡൻ ടീമിൽ ഉൾപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നിലവിൽ ഏഷ്യാ കപ്പിൽ പോലും സഞ്ജു ഇന്ത്യയുടെ പ്രധാന സ്‌ക്വാഡിലില്ല. സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷനെയും വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ഹെയ്ഡൻ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ പ്രധാന സ്‌പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെ തന്റെ 15 അംഗ ടീമിൽ മാത്യു ഉൾപ്പെടുത്തിയില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. രവീന്ദ്ര ജഡേജയും അക്സർ പട്ടേലുമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുടെ റോൾ കൈകാര്യം ചെയ്യുന്നത്.
മുഖ്യ ഓപ്പണര്‍മാരായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്ലിനെയാണ് ഹെയ്ഡന്‍ നിര്‍ദേശിക്കുന്നത്. വിരാട് കോലിക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ഹെയ്ഡന്റെ ടീമിലുണ്ട്. സൂര്യകുമാര്‍ യാദവിനും ഹെയ്ഡന്റെ ടീമില്‍ ഇടമുണ്ട്. ഷാർദുൽ താക്കൂറിനെയും ഹെയ്ഡന്‍ ടീമില്‍ നിര്‍ദേശിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് പേസ് നിരയിലെ മറ്റുള്ളവര്‍.
ലോകകപ്പിനുള്ള മാത്യു ഹെയ്ഡന്റെ 15 അംഗ ടീം:
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
Story Highlights: Aussie great Matthew Hayden names his India squad for ODI World Cup 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here