Advertisement

ചെക്ക് പോസ്റ്റുകളിൽ ടൈറ്റ് ചെക്കിം​ഗ്: 4 ദിവസങ്ങളിലായി പരിശോധന നടത്തിയത് 711 വാഹനങ്ങളിൽ

August 28, 2023
Google News 2 minutes Read
Tight checking at check posts: 711 vehicles were checked in 4 days

സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തിയതിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പാലിൽ മായം ചേർക്കൽ കുറഞ്ഞതായും കണ്ടെത്തി. കഴിഞ്ഞ 24 മുതൽ 28 വരെ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ 653 സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. പരിശോധനകളിൽ ഒന്നിലും തന്നെ രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലിന്റെ ഫലം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.

കുമളി, പാറശ്ശാല, ആര്യൻകാവ് , മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയത്. ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. മുഴുവൻ സമയവും ഉദ്യോഗസ്ഥരുടെ സേവനം ചെക്ക്പോസ്റ്റുകളിൽ ഉണ്ടായിരുന്നു. 646 സർവൈലൻസ് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. ഏഴ് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. സർവൈലൻസ് സാമ്പിളുകൾ എല്ലാം തന്നെ മൊബൈൽ ലാബുകളിൽ പരിശോധിച്ചു. സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ വകുപ്പിന്റെ എൻ.എ.ബി.എൽ ലാബിൽ വിശദ പരിശോധനക്കായി കൈമാറുകയാണ് ചെയ്തത്. പച്ചക്കറികളുടെ 48 സാമ്പിളുകളും  മറ്റ് ഭക്ഷ്യ വസ്തുക്കളുടെ 37 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. കൃത്യമായ രേഖകളില്ലാതെയെത്തിയ 33 വാഹനങ്ങൾക്ക് നോട്ടീസ് നൽകി.

പാൽ, പാൽ ഉല്പന്നങ്ങൾ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കി. പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും മൊബൈൽ ലാബ് യൂണിറ്റുകളാണ് സജ്ജമാക്കിയിരുന്നത്.  ഇതോടൊപ്പം ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം , മാംസം, സസ്യ എണ്ണകൾ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിരുന്നു. തുടർന്നും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Tight checking at check posts: 711 vehicles were checked in 4 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here