Advertisement

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഫിനിഷ് ചെയ്തത് രണ്ടാം സ്ഥാനത്ത്

September 1, 2023
Google News 2 minutes Read
Neeraj Chopra Diamond League

സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 85.71 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ നീരജ് വെള്ളിമെഡൽ നേടി. ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കൂബ് വാഡ്‌ലെഷെയ്ക്കാണ് സ്വർണം. 85.86 മീറ്റർ ദൂരമാണ് ജാക്കൂബ് കണ്ടെത്തിയത്. (Neeraj Chopra Diamond League)

മോശം തുടക്കമാണ് നീരജിനു ലഭിച്ചത്. ആദ്യ ശ്രമത്തിൽ 80.79 എറിഞ്ഞ താരം പിന്നീട് തുടരെ രണ്ട് ഫൗൾ ത്രോകൾ എറിഞ്ഞു. സാധാരണയായി ആദ്യ ത്രോകളിൽ തന്നെ മികച്ച ദൂരം കണ്ടെത്താറുള്ള നീരജ് നാലാം ത്രോയിലാണ് ഇത്തവണ ഈ നേട്ടത്തിലെത്തിയത്. നാലാം ത്രോയിൽ 85.22 മീറ്റർ ദൂരമെറിഞ്ഞ നീരജിൻ്റെ അഞ്ചാം ത്രോ വീണ്ടും ഫൗളായി. നിർണായകമായ അവസാന ത്രോയിൽ 85.71 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ് നീരജ് രണ്ടാം സ്ഥാനം പിടിക്കുകയായിരുന്നു. സീസണിൽ ഇത് ആദ്യമായാണ് ഏതെങ്കിലുമൊരു മത്സരത്തിൽ നീരജിന് സ്വർണം ലഭിക്കാതിരിക്കുന്നത്. 85.04 മീറ്റർ ദൂരം കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബർ വെങ്കലം നേടി. ബുഡാപെസ്റ്റിലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ പാക്കിസ്ഥാന്റെ അർഷാദ് നദീം ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.

Read Also: ഡയമണ്ട് ലീഗ്: ഹാട്രിക്ക് ജയം ലക്ഷ്യമിട്ട് നീരജ് ചോപ്ര

ലോംഗ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിനും നിരാശയായി. താരം അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.

ഈ സീസണിൽ മൂന്ന് മത്സരങ്ങൾക്ക് ഇറങ്ങിയ നീരജ് ഒരിക്കൽ പോലും തോൽവി നേരിട്ടിട്ടില്ല. ലോക ചാമ്പ്യൻഷിപ്പ് കൂടാതെ ദോഹ, ലൊസാനെ ഡയമണ്ട് ലീഗിൽ മിന്നുന്ന ജയമാണ് അദ്ദേഹം നേടിയത്. ദോഹയിൽ 88.67 മീറ്ററും ലോസാനിൽ 87.66 മീറ്ററും നീരജ് പിന്നിട്ടു. ബുഡാപെസ്റ്റിൽ 88.17 മീറ്റർ ദൂരവും നീരജ് കണ്ടെത്തി.

ജാവലിൻ ത്രോയിൽ ഡയമണ്ട് ലീഗിലെ നാലാമത്തെയും അവസാനത്തെയും മത്സരമാണിത്. 2023 ലെ ഡയമണ്ട് ലീഗ് സ്റ്റാൻഡിംഗിൽ 16 പോയിന്റുമായി നീരജ് ചോപ്ര നിലവിൽ മൂന്നാം സ്ഥാനത്താണ്. ബുഡാപെസ്റ്റിൽ 86.67 മീറ്റർ താണ്ടി വെങ്കലം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെഷെ മൂന്ന് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഒന്നാം സ്ഥാനത്തും മൂന്ന് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ജർമ്മനിയുടെ ജൂലിയൻ വെബർ രണ്ടാമതുമാണ്.

Story Highlights: Neeraj Chopra finishes 2nd Zurich Diamond League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here