Advertisement

അനുഭവവും അറിവും പകര്‍ന്നവരെ ഓര്‍മിക്കാം; ഇന്ന് അധ്യാപക ദിനം; അറിയാം പ്രാധാന്യവും ചരിത്രവും

September 5, 2023
Google News 1 minute Read
September 5 teachers day

ഇന്ന് അധ്യാപക ദിനം. ക്ലാസ് മുറിയുടെ നാലുചുവരുകള്‍ക്കപ്പുറത്ത് ജീവിതസത്യങ്ങളിലേക്കും സമൂഹയാഥാര്‍ത്ഥ്യങ്ങളിലേക്കും കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നവരാണ് നല്ല അധ്യാപകര്‍. വരും തലമുറയെ മനുഷ്യസ്‌നേഹത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുന്നവര്‍. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. (September 5 teachers day)

1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ നിയമിതനായപ്പോള്‍ ശിഷ്യഗണത്തില്‍പ്പെട്ട ചിലര്‍ അദ്ദേഹത്തെ കാണാനെത്തി. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു പ്രത്യേക ദിവസമായി ആഘോഷിക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അധ്യാപകനായ തന്റെ ജന്മദിനം തന്റെ പേരില്‍ ആഘോഷിക്കരുതെന്നും അധ്യാപകദിനമായി ആഘോഷിക്കാനുമായിരുന്നു ഡോക്ടര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം.

നിര്‍മിത ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകള്‍ വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ ഉപാധികളായി മാറുമ്പോള്‍ വഴികാട്ടികളാവുകയെന്ന കര്‍ത്തവ്യമാണ് പ്രധാനമായും അധ്യാപകര്‍ക്കുള്ളത്. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിക്കുന്നതിനു പുറമേ, മൂല്യബോധവുള്ളവരും സാമൂഹികബോധവുമുള്ളവരായി അവരെ വാര്‍ത്തെടുക്കേണ്ട ചുമതലയും അധ്യാപകര്‍ക്കാണ്. അറിവ് ലഭിക്കാന്‍ ഇന്ന് നമുക്ക് ആയിരം മാര്‍ഗങ്ങളുണ്ട്. പക്ഷേ ആത്മവിശ്വാസമുള്ള ഒരു പൗരനെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരില്ലാതെ നമുക്കാവില്ല.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

വര്‍ഗീയത നമ്മുടെ വിദ്യാലയങ്ങളെപ്പോലും വിഷമയമാക്കുന്ന കാഴ്ചകള്‍ സമീപകാലത്ത് നാം കണ്ടതാണ്. ജാതിമതചിന്തകളാല്‍ ബന്ധിതമായ ഒരു സമൂഹമല്ല മറിച്ച് എല്ലാ മനുഷ്യരേയും സമന്മാരായി കാണുന്ന ലോകം സൃഷ്ടിക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്. വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും ധാര്‍മ്മികതയും വളര്‍ത്തുന്നതിനൊപ്പം അവരിലെ വിമര്‍ശനാത്മകചിന്തയെ ഉത്തേജിപ്പിക്കുകയെന്ന ഉത്തരവാദിത്തവും അധ്യാപകര്‍ക്കുണ്ട്.

അനുഭവവും അറിവും ചേരുമ്പോഴാണ് ഒരു അധ്യാപകനുണ്ടാകുന്നത്. ആ അറിവിന്റെ പകര്‍ന്നാട്ടമാകണം അധ്യാപനം. ജ്ഞാനോദയത്തില്‍ കുഞ്ഞുമിഴികളില്‍ തെളിയുന്ന വിസ്മയഭാവം കണ്ട് ഹൃദയം നിറയുമ്പോഴാണ് അധ്യാപനം ഒരു തൊഴിലിനപ്പുറം ഒരു തപസ്യയായി മാറുന്നത്.

Story Highlights: September 5 teachers day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here