സനാതന ധർമ പരാമർശം വളച്ചൊടിച്ചു; ബിജെപി ഐടി സെൽ മേധാവിക്കെതിരെ കേസെടുത്തു

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്ത്. ഡിഎംകെ നേതാവിന്റെ പരാതിയിൽ തിരുച്ചിറപ്പള്ളി പൊലീസാണ് അമിത് മാളവ്യക്കെതിരെ കേസെടുത്തത്.
ഉദയനിധി സ്റ്റാലിൻ വംശഹത്യക്ക് ആഹ്വാനം നൽകിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രചാരണം. നേരത്തെ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിൽ യുപി പൊലീസ് കേസെടുത്തിരുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണച്ച കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാംപൂർ പൊലീസാണ് കേസ് എടുത്തത്.
അതിനിടെ ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരെ മധുര പൊലീസ് കേസെടുത്തു. അയോധ്യയിലെ ജഗദ്ഗുരു പരമഹംസ ആചാര്യയ്ക്ക് എതിരെയാണ് കേസ്. ഡിഎംകെ നിയമ വിഭാഗത്തിന്‍റെ പരാതിയിലാണ് പൊലീസ് നടപടി. കലാപാഹ്വാനം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. സനാതന ധര്‍മ്മ പരാമര്‍ശത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസിയുടെ പ്രകോപനപരമായ ആഹ്വാനം.
തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ എം.കെ.സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ചെന്നൈയിൽ റൈറ്റേഴ്സ് ഫോറത്തിന്റെ പരിപാടിയിലാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമർശമുന്നയിച്ചത്. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെയാണെന്നും സമൂഹത്തിൽനിന്ന് തുടച്ചു നീക്കണമെന്നും ഉദയനിധി പറഞ്ഞു. ബിജെപി നേതാക്കളുൾപ്പെടെ നിരവധിപ്പേർ ഇതിൽ പ്രതിഷേധിച്ച് രംഗത്തു വന്നെങ്കിലും, പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും മാപ്പു പറയുന്ന പ്രശ്നമില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.
Story Highlights: FIR against BJP’s Amit Malviya in Sanatan Dharma row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here