പുതുപ്പള്ളിയിലെ ചില ബൂത്തുകളിൽ പോളിംഗ് വൈകിയ സംഭവം; പരാതികളിൽ അന്വേഷണം നടക്കട്ടേയെന്ന് ജെയ്ക്ക് സി തോമസ്

പുതുപ്പള്ളിയിലെ ചില ബൂത്തുകളിൽ പോളിംഗ് വൈകിയതിൽ ദുരൂഹതയും അട്ടിമറിയും സംശയിച്ച് കോൺഗ്രസ്. വോട്ടെടുപ്പ് മനപ്പൂർവം വൈകിപ്പിക്കാൻ ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ നിയമിച്ചെന്നാണ് ആരോപണം. പരാതികളിൽ അന്വേഷണം നടക്കട്ടേയെന്നാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രതികരണം. ( puthuppally election jaick c thomas on complaint )
വോട്ടെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോൾ തന്നെ ചില ബൂത്തുകളിൽ പരാതികൾ ഉയർന്നിരുന്നു. വിവരം അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്നലെ തന്നെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നതായുള്ള സംശയമാണ് ചാണ്ടിഉമ്മൻ ഇന്ന് പ്രകടിപ്പിച്ചത്. ഇടതു സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് ചുമതലകൾക്ക് നിയമിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ആരോപിച്ചു.
പരാതികൾ ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ എന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രാഷ്ട്രീയ വാക്‌പോരിനു കുറവൊന്നുമില്ല. വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞ പുതുപ്പള്ളിയിലെ പോർമുഖത്ത് വെന്നിക്കൊടി പാറിക്കുന്നതാര് എന്നത് മാത്രമാണ് ഇനി അറിയേണ്ടത്.
Story Highlights: puthuppally election jaick c thomas on complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here