ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും ആഞ്ഞടിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്

ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും വലിയ തോതില്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചെന്ന് തെളിയിക്കുകയാണ് ചാണ്ടി ഉമ്മന്റെ വിജയം. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും സില്‍വര്‍ ലൈന്‍ ഉണ്ടാക്കിയ ആഘാതവും എന്താണെന്ന് ഇടതുമുന്നണിയെ പഠിപ്പിക്കുകയാണ് പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടി എന്ന വികാരം മാത്രമല്ല പ്രതിഫലിച്ചത് എന്ന് വിളിച്ചുപറയുന്നതാണ് ചാണ്ടി ഉമ്മന്റെ അത്യുജ്ജ്വല ഭൂരിപക്ഷം. സര്‍ക്കാരിനെ തിരുത്താന്‍ കൂടി പുതുപ്പള്ളിയിലെ ജനത വോട്ട് ചെയ്തു എന്ന പ്രതിപക്ഷ ആരോപണത്തിന് സര്‍ക്കാരും സിപിഐഎമ്മും മറുപടി പറയേണ്ടി വരും. തൃക്കാക്കരയേക്കാള്‍ ശക്തമായ ആഘാതമാണ് പുതുപ്പള്ളി നല്‍കിയത്.
ഈ തെരഞ്ഞെടുപ്പില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെ ഇറങ്ങിയാളാണ് ജെയ്ക് സി തോമസ്. മല്‍സരിക്കാനില്ല എന്ന് പാര്‍ട്ടിയെ അറിയിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതായിരുന്നു ആദ്യദിവസങ്ങളിലെ പ്രതികരണവും. ഉമ്മന്‍ ചാണ്ടി എന്ന വികാരത്തിനപ്പുറം സര്‍ക്കാര്‍ വിരുദ്ധ വികാരവും ശക്തമാണെന്ന് നേതാക്കള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു. അതിനു തടയിടാനായിരിന്നു സിപിഐഎം ഉയര്‍ത്തിയ വിശുദ്ധപദവി വിവാദവും വികസനവും. അതു രണ്ടുമാണ് തോല്‍വിയുടെ ആഘാതം കൂട്ടിയത് എന്ന വിമര്‍ശനത്തിന് ഇനി പാര്‍ട്ടി മറുപടി പറയേണ്ടി വരും. മൂന്നാമതും തോറ്റ ജെയ്ക് സി തോമസ് വ്യക്തിപരമായി ഏറെ സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കടന്നുപോയത്.
Read Also: വിജയത്തിന് പിന്നിൽ സഹതാപവും ഭരണവിരുദ്ധവികാരവും, ചാണ്ടി ഉമ്മന് അഭിനന്ദനങ്ങൾ; കെ സുരേന്ദ്രൻ
സിപിഐഎം നേതാക്കളും മന്ത്രി വി എന്‍ വാസവനും ഇതുവരെ പറഞ്ഞതെല്ലാം തിരുത്തേണ്ടിയും വരും. 2011ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഉമ്മന്‍ചാണ്ടിക്കെതിരേ സുജ സൂസന്‍ ജോര്‍ജ് നേടിയ 36,573 എന്ന വോട്ടായിരുന്നു ഇതുവരെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടായി കണക്കാക്കിയിരുന്നത്. പോള്‍ ചെയ്ത വോട്ടിന്റെ കണക്കെടുക്കുമ്പോള്‍ അതിലും വലിയ തിരിച്ചടിയാണ് ഇത്തവണ.
മാസപ്പടി വിവാദം കത്തി നില്‍ക്കുമ്പോഴാണ്പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. പിന്നാലെ എ സി മൊയ്തീന്റെ വീട്ടില്‍ ഇഡിയുടെ റെയ്ഡ്. ഇതിനിടെ സര്‍ക്കാരിനെതിരേ നിരവധി ആരോപണങ്ങള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓണത്തിനു പോലും നേരിടേണ്ടി വന്ന വിമര്‍ശനം. ഈ തോല്‍വിക്ക് ഉത്തരം പറയാന്‍ ഏറ്റവും നിര്‍ബന്ധിതനാവുക മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.
Story Highlights: Anti-governance sentiment and sympathies swept through Puthuppally by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here