സ്‌കൂളുകള്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം മുന്‍കരുതലിന്റെ ഭാഗമായി; ആശങ്ക വേണ്ടെന്ന് പി എ മുഹമ്മദ് റിയാസ്

നിപ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം മുന്‍കരുതലിന്റെ ഭാഗമായെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവസരം ഒരുക്കുമെന്നും മന്ത്രി ട്വന്റിഫോറിന് പറഞ്ഞു.
നിപ വ്യാപനമുള്ള പ്രദേശങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ വെളളിയാഴ്ച ചേരും. സുരക്ഷ മുന്നില്‍ കണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ആരോഗ്യമന്ത്രി വീണ ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിലാണ് അവധി നല്‍കാനുള്ള തീരുമാനമുണ്ടായത്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധ നടപടികള്‍ നടത്തുന്നത്. പഞ്ചായത്ത് ഭരണാധികാരികളെ കൂടി പങ്കെടുപ്പിച്ചാണ് യോഗങ്ങള്‍ നടത്തുന്നത്. വെള്ളിയാഴ്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടി ജില്ലാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഓണ്‍ലൈനായി സര്‍വകക്ഷി യോഗം നടത്തുമെന്നും പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…
കോഴിക്കോട് ജില്ലയിലെ അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ നടത്താം. ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്ക് മാറ്റിവച്ചു.
അതേസമയം ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 24കാരനായ ആരോഗ്യപ്രവര്‍ത്തകനാണ് രോഗം.ആദ്യം നിപ സ്ഥിരീകരിച്ച് മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ആരോഗ്യപ്രവര്‍ത്തകന്‍. മരിച്ച വ്യക്തി ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. മൂന്ന് പേര്‍ക്കാണ് ഇതുവരെ നിപ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ അഞ്ച് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു ഇതിലൊരു സാമ്പിള്‍ ഫലമാണ് പോസിറ്റീവായത്.
Story Highlights: Honda Cars India domestic sales up 13 per cent growth