Advertisement

അലൻസിയറെ പ്രലോഭിപ്പിച്ച പ്രതിമയുടെ കഥ

September 15, 2023
Google News 3 minutes Read
story behind kerala state film award statue

അലൻസിയറിന്റെ പ്രതിമ പ്രസ്താവന വിവാദമായതോടെ പ്രതിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചയാണ് എല്ലായിടത്തും. എന്താണ് ഈ പ്രതിമ ? പ്രതിമയ്ക്ക് പിന്നിലെ കഥയെന്ത് ? ( story behind kerala state film award statue )

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായി നൽകുന്ന പ്രതിമയുടെ സൃഷ്ടി പലരും വിചാരിക്കുന്നത് പോലെ ഒരു ശിൽപിയല്ല. മറിച്ച് ഒരു എഴുത്തുകാരനാണ്. ഈ ശിൽപം രൂപകൽപന ചെയ്തത് അന്നത്തെ വ്യവസായ വകുപ്പ് സെക്രട്ടറിയും എഴുത്തുകാരനുമായ മലയാറ്റൂർ രാമകൃഷ്ണനാണ്.

നൃത്ത മുദ്രപോലെ പിടിച്ചിരിക്കുന്ന വലം കൈ. ഇടം കൈ താഴ്ന്ന് തന്നെ. ശരീരം വലത്തേക്ക് ചായ്ച്ചുപിടിച്ച് നിൽക്കുന്ന, മുഖം വ്യക്തമാകാത്ത പാവം പ്രതിമ. ഇതാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായി സിനിമാ പ്രവർത്തകർക്ക് നൽകുന്നത്. എന്തിൽ നിന്ന് പ്രചോദനമുൾകൊണ്ടാകാം മലയാറ്റൂർ, ഈ ശിൽപത്തിന് രൂപം നൽകിയതെന്ന് അറിയില്ല. 1967 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘യക്ഷി’യുമായി ശിൽപത്തിന് സാമ്യമുണ്ടോ ?

‘കണ്ടാൽ വെണ്ണയിൽ തീർത്ത ശിൽപം. ഹെലനേക്കാൾ എത്രയോ മടങ്ങ് സുന്ദരമാണ് ഇവളുടെ മുഖം ? ഇതിലൊരു പുഞ്ചിരിയുയർത്തുവാൻ കിരീടങ്ങളും സാമ്രാജ്യങ്ങളും പണയപ്പെടുത്താവുന്നതാണ്’- യക്ഷിയിൽ മലയാറ്റൂർ കുറിച്ച വരികളാണ് ഇത്. മലയാറ്റൂർ രൂപകൽപന ചെയ്ത ശിൽപവും യക്ഷിയെ പോലെ സുന്ദരം തന്നെ.

Read Also: ‘അലൻസിയർ പറഞ്ഞത് നികൃഷ്ടമായ പ്രസ്താവന’: ‘ദി ലേഡി ഇൻ മൈ ഹാന്റ് ഈസ് ഇൻക്രഡിബിൾ; ശ്രുതി ശരണ്യം

1969 ലാണ് ആദ്യമായി ഈ ശിൽപം രൂപകൽപന ചെയ്യുന്നത്. അന്ന് വ്യവസായ വകുപ്പിന് കീഴിലായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. സിനിമയെ വ്യവസായമായി കണക്കാക്കിയായിരുന്നു നടപടി. ഈ ശിൽപം നല്ല ഭാരമുള്ളതായിരുന്നു. ഗോളാകൃതിയിലുള്ള ബെയ്‌സിൽ പൂർണമായും ബ്രാസ് മോൾഡിലായിരുന്നു ശിൽപം രൂപകൽപന ചെയ്തത്.

ആദ്യ പുരസ്‌കാരം മലയാള ചലച്ചിത്രമായ കുമാരസംഭവത്തിനായിരുന്നു. ശിവാജി ഗണേശനും, പത്മിനിയും ശ്രീവിദ്യയുമെല്ലാം അഭിനയിച്ച സിനിമ. ആദ്യ പുരസ്‌കാരം കുമാരസംഭവത്തിന്റെ സംവിധായകൻ പി.സുബ്രഹ്മണ്യത്തിനല്ലാതെ കൊടുക്കാൻ അന്നത്തെ കാലത്ത് സാധിക്കുമായിരുന്നില്ല. എന്നാൽ ഇന്നത്തെ പോലെ തന്നെ അന്നും അവാർഡ് ദാനത്തെ ചൊല്ലി വിവാദമുണ്ടായി. പിന്നാലെ ചലച്ചിത്ര പുരസ്‌കാരം വിതരണ ചുമതല പിആർഡിയിലേക്ക് മാറ്റുകയും സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.

തൊണ്ണൂറുകളുടെ അവസാനം വരെ മലയാറ്റൂർ രാമകൃഷ്ണൻ രൂപകൽപന ചെയ്ത ഈ ശിൽപം ഉപയോഗിച്ചുപോന്നു. 1992ലാണ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് ഗുരുതരമായ കാർ അപകടമുണ്ടാകുന്നത്. അപകടത്തെത്തുടർന്ന് ഭാരമുള്ള ശിൽപം വിതരണം ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ, ആ മൂന്നു വർഷം അകം പൊള്ളയായ തരത്തിലാണ് പുരസ്‌കാരം തയ്യാറാക്കി വിതരണം നടത്തിയത്. എംആർഡി ദത്തനാണ് ഭാരം കുറഞ്ഞ നിലവിലെ ശിൽപം രൂപകൽപന ചെയ്തത്. തിരുവനന്തപുരത്തെ കോമളവിലാസം മെറ്റൽ ഇൻഡസ്ട്രി (പി. മാധവൻ തമ്പി) ആണ് മോൾഡിന് അനുസരിച്ചു ശിൽപനിർമാണം നടത്തിയിരുന്നത്. ഭാരം കുറഞ്ഞ ശിൽപം ഉണ്ടാക്കാനായി മെറ്റൽ ഷീറ്റ് ഉപയോഗിച്ച് തുടങ്ങിയപ്പോൾ മോൾഡ് ആവശ്യമില്ലെന്നു കരുതി ഉപേക്ഷിച്ചു. ഈ സമയത്ത് യെച്ചിങ് സാങ്കേതിക വിദ്യ വന്നപ്പോൾ ഒരു മെറ്റൽ പ്ലേറ്റിൽ ചതുരത്തിൽ പ്രിന്റ് ചെയ്ത് പതിക്കത്തക്കവിധം പീഠം ചതുരമാക്കി. ഒപ്പം ഇന്ന് കാണുന്ന 3ഡി രൂപത്തിലായി ശിൽപം.

എന്നാൽ വീണ്ടും ഓടിൽ ശിൽപമുണ്ടാക്കാൻ തീരുമാനിച്ചതോടെ പുതിയ മോൾഡ് ഉണ്ടാക്കേണ്ടി വന്നു. ഇതിനായി ഫൈൻ ആർട്‌സ് കോളേജിലെ ആർട്ട് കാസ്റ്റിംഗ് വിദഗ്ധനായിരുന്ന ചെല്ലപ്പൻ ആശാരിയുടെ സഹായം തേടി. അദ്ദേഹം തന്നെ കാസ്റ്റിംഗ് നടത്തി മുഴുവൻ ശിൽപങ്ങളും തയാറാക്കി നൽകി. പിന്നീട് ശില്പങ്ങൾ ഉണ്ടാക്കുന്ന ജോലി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

ശിൽപം പിറവി കൊണ്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ വലിയ വിവാദമാണ് ശിൽപത്തിന്റെ പേരിലുണ്ടായിരിക്കുന്നത്. സർക്കാരിന്റെ അംഗീകാരമായി ഒരു പൊതുപരിപാടിയിൽ നൽകുന്ന ശിൽപത്താൽ പ്രലോഭിതനാകുന്നവർ നമുക്കിടയിലുണ്ട് എന്നത് ആശ്ചര്യവും അസ്വസ്ഥതയും ഉളവാക്കുന്നതാണ്.

Story Highlights: story behind kerala state film award statue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here