Advertisement

‘ക്ഷേത്ര ചടങ്ങിൽ പൂജാരി വിളക്ക് കൊളുത്തിയ ശേഷം എനിക്ക് തരാതെ നിലത്ത് വച്ചു’; താൻ നേരിട്ട ജാതി വിവേചനം തുറന്നുപറഞ്ഞ് മന്ത്രി കെ. രാധാകൃഷ്ണൻ

September 18, 2023
Google News 2 minutes Read
k radhakrishnan revealed the caste discrimination he faced

ക്ഷേത്രത്തിലെ പരിപാടിക്കിടെ താൻ നേരിട്ട ജാതി വിവേചനം തുറന്നുപറഞ്ഞ് പട്ടികജാതി-ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ. പൂജാരിയിൽ നിന്ന് തന്നെയാണ് തനിക്ക് ജാതിവിവേചനം നേരിട്ടതെന്നാണ് കെ. രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തൽ. ക്ഷേത്രച്ചടങ്ങിൽ പൂജാരി വിളക്ക് കൊളുത്തിയ ശേഷം തനിക്ക് തരാതെ നിലത്ത് വച്ചുവെന്നും അതേ വേദിയിൽ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ താൻ ശക്തമായി പ്രതികരിച്ചുമെന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്. കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

മന്ത്രിയുടെ പ്രസം​ഗത്തിലെ വാക്കുകൾ ഇപ്രകാരമാണ്. ”ചില ആളുകളുടെ മനസിൽ ജാതി ചിന്തയുണ്ട്. രണ്ട് മൂന്ന് മാസം മുമ്പ് ഞാനൊരു ക്ഷേത്രത്തിൽ ഒരു ഉദ്ഘാടന പരിപാടിക്ക് പോയി. ഉദ്ഘാടന ചടങ്ങിൽ അവിടത്തെ ഒരു മെയിൻ പൂജാരി വിളക്ക് വച്ചിട്ടുണ്ടായിരുന്നു. വിളക്ക് കത്തിക്കാൻ എന്‍റെ നേർക്കുകൊണ്ടുവരികയാണെന്നു കരുതി ഞാൻ അങ്ങനെ നിന്നു. എന്നാൽ, എന്‍റെ കൈയിൽ തരാതെ സ്വന്തമായി
അത് കത്തിച്ചു.

ആചാരമായിരിക്കും, അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാൻ മാറിനിൽക്കുകയാണ് ചെയ്തത്. അയാൾ കത്തിച്ചു. അതിന് ശേഷം സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹവും വിളക്ക് കത്തിച്ചു. അപ്പോഴും അടുത്തത് എനിക്ക് തരുമെന്നാണ് താൻ കരുതിയത്. എന്നാൽ, എനിക്കു തരാതെ അതു നിലത്ത് വച്ചു. അത് എടുത്ത് കത്തിക്കാമെന്നാണ് ആദ്യം ഞാൻ വിചാരിച്ചത്. എന്നാൽ, ഞാൻ പോയ് പണിനോക്കാൻ പറഞ്ഞെന്നു മാത്രമല്ല, ആ വേദിയിൽ വച്ചു തന്നെ അതിനെതിരെ ഞാൻ പ്രസംഗിച്ചു.

ഞാൻ തരുന്ന പൈസക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്ക് അയിത്തമുണ്ട് എന്ന് പറഞ്ഞു. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. നമുക്ക് അയിത്തം കൽപ്പിക്കുകയാണ് ”ആ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇതെല്ലാം ഞാൻ പറഞ്ഞു. ഇറച്ചിവെട്ടുകാരന്റെ, മത്സ്യക്കച്ചവടക്കാരന്റെ കൈയിലുള്ള പൈസ അവിടെ ഇടുമ്പോൾ അവർക്ക് അയിത്തമില്ല. ജാതി വ്യവസ്ഥ ഉണ്ടാക്കിയ ആളുകൾ ചില്ലറക്കാരല്ല. ചന്ദ്രനിൽ പോയത് അത്ര വലിയ ബുദ്ധിയല്ല, അതിനെക്കാൾ വലിയ ബുദ്ധിയാണ് ജാതി വ്യവസ്ഥ ഉണ്ടാക്കിയ ആളുകൾക്ക്”. – മന്ത്രി കെ. രാധാകൃഷ്ണൻ തുറന്നടിച്ചു.

Story Highlights: k radhakrishnan revealed the caste discrimination he faced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here