Advertisement

77 വയസ് വലിയ പ്രായമല്ല, രോഗം പി.പി മുകുന്ദനെ കീഴ്പ്പെടുത്തിക്കളഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ

September 18, 2023
Google News 1 minute Read
Pinarayi Vijayan in memory of PP Mukundan

മുതിർന്ന സംഘപരിവാർ നേതാവ് പി.പി മുകുന്ദൻ്റെ വിയോഗത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രോഗം അദ്ദേഹത്തെ കീഴ്പ്പെടുത്തി കളഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 77 വയസ് വലിയ പ്രായമല്ല. അസാമാന്യമായ നേതൃശേഷി അദ്ദേഹത്തിൽ അന്തർലീനമായിരുന്നു. തികഞ്ഞ അർപ്പണബോധത്തോടെയാണ് സംഘടനാ കാര്യങ്ങൾ അദ്ദേഹം നിറവേറ്റിയിരുന്നത്.

രണ്ട് ചേരിയിലായിരുന്നു തന്റെയും പി.പി മുകുന്ദൻ്റെയും പ്രവർത്തനം. എന്നാൽ വലിയ പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോഴും വ്യക്തി ബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല. സൗമ്യമായ പെരുമാറ്റവും സംഘടനാ കാര്യങ്ങളിലെ കർക്കശ സമീപനവും ആയിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. കണ്ണൂരിൽ വലിയ സംഘർഷങ്ങൾ നടക്കുന്ന കാലത്ത് ചർച്ചകളിൽ പി.പി.മുകുന്ദൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു. താനും അദ്ദേഹവും ഒന്നിച്ച് നിന്ന് സമാധന അഭ്യർത്ഥന നടത്തിയിട്ടുണ്ട്.

നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞ് നിന്ന ഘട്ടത്തിലും താൻ പ്രവർത്തിച്ച പ്രസ്ഥാനത്തിന് പോറലേൽപ്പിക്കുന്ന ചെറിയ വാക്കോ നോക്കോ പി പി മുകുന്ദനിൽ നിന്നുണ്ടായിട്ടില്ല. ഒരു സംഘടനയിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിൻ്റെ ഉത്തമ മാതൃകയാണ് മുകുന്ദൻ. ഏത് സംഘടന പ്രവർത്തകനും മാതൃകയാക്കാവുന്ന ആളാണ് മുകുന്ദനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു പിപി മുകുന്ദന്റെ വിയോഗം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഒരുകാലത്ത് സംസ്ഥാന ബിജെപിയിലെ അതിശക്തനായ നേതാവായിരുന്ന പി പി മുകന്ദൻ ആർ എസ് എസ് പ്രചാരകനായാണ് പൊതുപ്രവർത്തനത്തിലേക്ക് വന്നത്. ആർ എസ് എസ് സംസ്ഥാന സമ്പർക്ക പ്രമുഖ് ആയിരുന്ന അദ്ദേഹം ദീർഘകാലം ബിജെപിയുടെ ദേശീയ നിർവാഹകസമിതി അംഗമായിരുന്നു. 2006 മുതൽ 2016 വരെ പാർട്ടി ചുമതലകൾ ഇല്ലായിരുന്നു.

കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 9 നാണ് പി.പി. മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് മണത്തല ആർഎസ്എസ് ശാഖയിൽ സ്വയംസേവകനായത്. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനും 1972 മുതൽ തൃശൂർ ജില്ലാ പ്രചാരകനുമായി പ്രവർത്തിച്ചു.

തിരുവനന്തപുരത്ത് 1984 ൽ പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദൻ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു. രാഷ്ട്രീയ കേരളം കോലീബി സഖ്യം എന്ന് ചർച്ച ചെയ്തുവരുന്ന 1991 ലെ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് മുസ്‌ലിം ലീഗ് ബിജെപി രഹസ്യ ധാരണയിൽ പങ്കുവഹിച്ചു.

2004ൽ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബർ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടനാ സെക്രട്ടറിയായി. 1988 മുതൽ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. പത്ത് വർഷത്തോളം രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നെങ്കിലും 2022ൽ ബിജെപിയിലേക്ക് തിരികെയെത്തി.

Story Highlights: Pinarayi Vijayan in memory of PP Mukundan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here