Advertisement

വനിതകള്‍ക്ക് സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് വായ്പയെടുപ്പിച്ച് തട്ടിപ്പ്; തുക കൈപ്പറ്റിയ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ പരാതി

September 19, 2023
Google News 2 minutes Read
Loan scam in Thiruvananthapuram Akshayashree members complaint

വനിതകള്‍ക്ക് സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. തിരുവനന്തപുരം നഗരൂരിലാണ് അക്ഷയശ്രീ അംഗങ്ങളായ സ്ത്രീകളുടെ പേരില്‍ വ്യക്തിഗത വായ്പ എടുത്ത് കബളിപ്പിച്ചത്. 45 അക്ഷയശ്രീ അംഗങ്ങളുടെ പേരില്‍ 50000 രൂപ വീതം ഒരു ട്രസ്റ്റ് വായ്പയെടുത്ത് കബളിപ്പിച്ചെന്നാണ് പരാതി. വ്യക്തിഗത ലോണായി അനുവദിച്ച പണം തിരിച്ചടയ്ക്കാതെ വന്നതോടെ വായ്പ നല്‍കിയ സഹകരണ സംഘം അക്ഷയശ്രീ അംഗങ്ങള്‍ക്കെതിരെ നിയമനടപടി തുടങ്ങി. (Loan scam in Thiruvananthapuram Akshayashree members complaint)

ആറ്റിങ്ങല്‍ ആലംകോട്ടെ ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റിവ് ബാങ്കില്‍ നിന്നാണ് 45 അക്ഷയശ്രീ അംഗങ്ങളുടെ പേരില്‍ 50000 രൂപ വീതം വ്യക്തിഗത ലോണെടുത്തത്. ഗോശാലയും അനുബന്ധ സംരംഭങ്ങളും തുടങ്ങാനായി പ്രത്യേക ട്രസ്റ്റും രൂപീകരിച്ചു. വായ്പാ തുക ട്രസ്റ്റ് തിരിച്ചടയ്ക്കുമെന്നും ലാഭവിഹിതം ഓരോരുത്തരുടേയും അക്കൗണ്ടിലെത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കൈയില്‍ കിട്ടിയത് പണം തിരിച്ചടയ്ക്കാത്തിന്റെ പേരിലുള്ള നോട്ടീസാണ്. ഇത് ഈ സ്ത്രീകള്‍ക്ക് വലിയ ഞെട്ടലും പരിഭ്രമവുമുണ്ടാക്കി.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

വ്യക്തിഗത ലോണായി എടുത്ത 23 ലക്ഷത്തോളം രൂപയാണ് ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. ട്രസ്റ്റ് പ്രസിഡന്റ് അശോകനും ചെയര്‍മാന്‍ ശിവശങ്കരകുറുപ്പിനും എതിരെയാണ് അംഗങ്ങളുടെ പരാതി. പരസ്പര ആള്‍ജാമ്യത്തില്‍ എടുത്ത വായ്പകളാണ് ഓരോരുത്തര്‍ക്കും ബാധ്യതയായി മാറിയത്. കബളിപ്പിക്കപ്പെട്ട 45 പേരും മറ്റ് വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തവരുമാണ്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും തങ്ങളുടെ മേലുള്ള ബാധ്യത ഒഴിവാക്കണമെന്നുമാണ് വീട്ടമ്മമാരുടെ ആവശ്യം.

Story Highlights: Loan scam in Thiruvananthapuram Akshayashree members complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here