മന്ത്രി കെ രാധാകൃഷ്ണനെതിരായായ ജാതി അധിക്ഷേപം; ക്ഷേത്ര പൂജാരിമാർക്കെതിരെ കേസെടുത്ത് എസ് സി-എസ് ടി കമ്മീഷൻ

മന്ത്രി കെ രാധാകൃഷ്ണനെതിരായായ ജാതി അധിക്ഷേപത്തിൽ ക്ഷേത്ര പൂജാരിമാർക്കെതിരെ കേസെടുത്തു. സംസ്ഥാന എസ് സി- എസ് ടി കമ്മീഷനാണ് കേസെടുത്തത്. ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. എന്നാൽ മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തിൽ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു. (Racial discrimination faced by k radhakrishnan)
മേൽശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല. തന്ത്രിയെന്ന നിലയിൽ ബന്ധപ്പെട്ടവർ സമീപിച്ചാൽ മാത്രമെ വിഷയത്തിൽ ഇടപെടൂവെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.
ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വെച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആളുടെ പേരറിയാത്തതിനാലാണ് വെളിപ്പെടുത്താതെന്ന് മന്ത്രി ഇന്ന് വ്യക്തമാക്കി. ഷർട്ടിലെ കറ മായ്ക്കുന്നത് പോലെ ജാതിവ്യവസ്ഥ മാറ്റാൻ പറ്റില്ല. ജാതി ചിന്ത എല്ലാവരുടെയും മനസിലുണ്ട്.
മനസ്സിൽ തട്ടിയത് കൊണ്ടാണ് അത് ശരിയല്ല എന്ന് പറഞ്ഞത്. അവർ തിരുത്താൻ ശ്രമിച്ചാൽ നല്ലത്. മനുഷ്യന് അയിത്തം കൽപ്പിക്കുന്നത് അനുവദിക്കില്ല. മനസിന് മാറ്റം വരണം. ഇത് ആരുടെയും തെറ്റല്ല. തലമുറകളാൽ പകർന്നു കിട്ടിയ ഒന്ന് ഇവരെ വേട്ടയാടുകയാണ്. നിയമ നടപടിക്ക് പോകുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു.
Story Highlights: Racial discrimination faced by k radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here