Advertisement

കള്ള പാസ്‌പോർട്ടിൽ കാനഡയിലെത്തി, പൗരത്വത്തിനായി വിവാഹവും; ഇന്ത്യ തലയ്ക്ക് 10 ലക്ഷം രൂപ വരെ ഇനാം കൽപിച്ച ഹർദീപ് സിംഗ് നിജർ ആരാണ് ?

7 days ago
3 minutes Read
who is hardeep singh nijjar

കനേഡിയൻ പൗരനും ഖലിസ്ഥാനി തീവ്രവാദിയുമായ ഹർദീപ് സിംഗ് നിജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യ- കാനഡ ബന്ധം വഷളാവുകയാണ്. ഇന്ത്യ തലയ്ക്ക് 10 ലക്ഷം രൂപ വരെ ഇനാം കൽപിച്ച ഹർദീപ് സിംഗ് നിജർ ഈ വർഷം ജൂൺ 18നാണ് കാനഡയിലെ സറേയിലെ ഗുരുദ്വാരയക്ക് പുറത്തുവച്ച് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. കൃത്യം മൂന്ന് മാസത്തിനിപ്പുറം ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ വരെ പുറത്താക്കി പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ വരെ വിള്ളൽ വീഴ്ത്തിയ ഹർദീപ് സിംഗ് നിജർ എന്ന ഖലിസ്ഥാൻ തീവ്രവാദി യഥാർത്ഥത്തിൽ കനേഡിയൻ പൗരനാണോ ? ഇന്ത്യ തലയ്ക്ക് 10 ലക്ഷം രൂപ വരെ ഇനാം കൽപിച്ച ഹർദീപ് സിംഗ് നിജർ ആരാണ് ? ( who is hardeep singh nijjar )

പഞ്ചാബ് ജലന്ധറിലെ ഭർസിംഗ്പൂർ ഗ്രാമമാണ് ഹർദീപ് സിംഗ് നിജറിന്റെ സ്വദേശം. 1940 ൽ തുടങ്ങിയ ഖലിസ്ഥാനി മൂവ്‌മെന്റ് 1980 കളിലും ഊർജിതമായി തുടരുകയായിരുന്നു. ഇന്ത്യയിലെ ഖലിസ്ഥാൻ തീവ്രവാദികളിൽ പ്രധാനിയായിരുന്നു ഹർദീപ് സിംഗ് നിജർ.

അഭയാർത്ഥിയായി കാനഡയിലേക്ക്

1997 ഫെബ്രുവരി 10 ന് ‘രവി ശർമ’ എന്ന പേരിൽ വ്യാജ പാസ്‌പോർട്ടുമായാണ് ഹർദീപ് സിംഗ് കാനഡയിലെ ടൊറന്റോ പിയോഴ്‌സൺ വിമാനത്താവളത്തിൽ പറന്നിറങ്ങുന്നത്. ഇന്ത്യ വേട്ടയാടുമെന്ന് ഭയന്ന് അഭയാർത്ഥിയായാണ് താൻ കാനഡയിൽ എത്തിയതെന്ന് ഇമിഗ്രേഷൻ രേഖകളിൽ ഹർദീപ് സിംഗ് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് 1998, ജൂൺ 9 ന് നൽകിയ സത്യവാങ്മൂലത്തിൽ ഹർദീപ് സിംഗ് വിശദീകരിച്ചു. ആ കഥ ഇങ്ങനെ :

1990 മുതൽ ഹർദീപ് സിംഗിനായുള്ള തെരച്ചിലിലായിരുന്നു ഇന്ത്യ. ഈ സമയത്ത് പൊലീസ് നടത്തിയ റെയ്ഡിൽ ഹർദീപ് സിംഗ് നിജറിന്റെ സഹോദരൻ ജതീന്ദറിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ഇതിന് പിന്നാലെ ഹർദീപിന്റെ പിതാവ് ചില മനുഷ്യാവകാശ സംഘടനകളുടെ സഹായം തേടി. തുടർന്ന് പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് ഉപദ്രവിച്ചു. 1995 ൽ ഹർദീപ് സിംഗ് നിജറും പൊലീസ് പിടിയിലായി. നിജറിനെ കൈകൾ പിറകിൽ ബന്ധിച്ച് കെട്ടിതൂക്കുകയും സ്വകാര്യ ഭാഗങ്ങളിൽ കറന്റ് അടിപ്പിക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുമെന്നായപ്പോൾ നിജർ 50,000 രൂപ കൈക്കൂലി നൽകി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പിന്നാലെ ഒരു ബന്ധുവിന്റെ വീട്ടിൽ അഭയം തേടി. മുടി മുറിച്ച് വേഷം മാറി രൂപമാറ്റം വരുത്തി. പിന്നാലെ കാനഡയിലേക്ക് കടന്നു. ഇന്ത്യയിലേക്ക് മടങ്ങിയാൽ ജീവൻ തന്നെ അപകടത്തിലാകുമെന്നും ഹർദീപ് സിംഗ് സത്യവാങ്മൂലത്തിൽ കുറിച്ചു.

എന്നാൽ കനേഡിയൻ അധികൃതർ ഈ കഥ വിശ്വസിച്ചില്ല. തന്റെ കഥ സാധൂകരിക്കാൻ ഹർദീപ് സിംഗ് ഹാജരാക്കിയ കത്ത് കൃത്രിമമായി തയാറാക്കിയതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഒരു ഫിസിഷ്യനാണ് കത്തെഴുതി സാക്ഷ്യപ്പെടുത്തിയതെന്നായിരുന്നു ഹർദീപ് സിംഗിന്റെ വാദം. എന്നാൽ ‘ടെസ്റ്റിക്കിൾസ്’ എന്നതിന് പകരം ‘ഇന്റസ്റ്റിക്കിൾസ്’ എന്ന് ഒരു ഫിസിഷ്യൻ തെറ്റി എഴുതുമോയെന്ന അധികൃതരുടെ സംശയം മുഴച്ചു നിന്നു.

കനഡയിൽ വേരുറപ്പിക്കാനുള്ള രണ്ടാം ശ്രമം

അഭയാർത്ഥിയായി പരിഗണിക്കാനുള്ള ഹർദീപിന്റെ ആവശ്യം കനേഡിയൻ അധികൃതർ തള്ളിയതിന് പിന്നാലെ കാനഡയിലെ ബ്രിട്ടീഷ് കൊളുമ്പിയ പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീയെ ഹർദീപ് വിവാഹം കഴിച്ചു. ‘ ഭാര്യയുമായി ഒരു ദിവസം പോലും പിരിഞ്ഞു നിൽക്കാൻ സാധിക്കില്ല’ എന്ന് അധികൃതർക്ക് എഴുതി നൽകി കാനഡയിൽ വേരുറപ്പിക്കാനുള്ള രണ്ടാം ശ്രമം ഹർദീപ് ആരംഭിച്ചു.

പൗരത്വത്തിനായുള്ള ഫോമിൽ എന്തെങ്കിലും മത-രാഷ്ട്രീയ-സാമൂഹിക ആവശ്യത്തിനായി ായുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അതിക്രമത്തിന്റെ ഭാഗമാവുകയോ അത്തരം സംഘത്തിന്റെ അനുയായി ആണോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഹർദീപിന്റെ ഉത്തരം.

വിവാഹം സാധൂകരിക്കാൻ വിവാഹ ക്ഷണക്കത്ത്, വിവാഹ ചിത്രങ്ങൾ, ഭാര്യയുമൊത്തുള്ള മറ്റ് ചിത്രങ്ങൾ എന്നിവയും ഹർദീപ് സിംഗ് ഹാജരാക്കി. എന്നാൽ സ്വാർത്ഥ താത്പര്യത്തിന് വേണ്ടിയുള്ള വിവാഹമെന്ന് കണക്കാക്കി നജറിന്റെ അപേക്ഷ കാനഡ രണ്ടാം വട്ടവും തള്ളി. മാത്രമല്ല മറ്റൊരു ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലാണ് 1997 ൽ ഹർദീപിന്റെ നിലവിലെ ഭാര്യ കാനഡയിലെത്തിയതെന്നും അധികൃതർ കണ്ടെത്തിയിരുന്നു.

2001 ൽ നിജറിന്റെ അപേക്ഷ കോടതി വരെ എത്തിയെങ്കിലും അവിടെയും തോൽവി തന്നെയായിരുന്നു ഫലം. പക്ഷേ പിന്നീടെപ്പോഴോ ഹർദീപ് സിംഗ് നിജർ സ്വയം കനേഡിയൻ പൗരനെന്ന് വിശേഷിപ്പിച്ച് തുടങ്ങി. ഹർദീപിന്റെ പൗരത്വം സംബന്ധിച്ച് കനേഡിയൻ കുടിയേറ്റ, അഭയാർത്ഥി, പൗരത്വ വിഭാഗം പ്രതികരിക്കാൻ തയാറായിട്ടില്ല.

കാനഡയിലെ ജീവിതം

കാനഡയിൽ പ്ലംബറായി ജോലി ചെയ്ത് പോന്നിരുന്ന ഹർദീപ് സിംഗ് നിജർ സമാന്തരമായി സിഖ് അവകാശങ്ങൾക്കായി പോരാടുകയും ചെയ്തിരുന്നു. ഈ കാലയളവിൽ ഹർദീപിന് രണ്ട് കുട്ടികളും പിറന്നു.

സിഖ് വിഭാഗത്തിനെതിരായ അതിക്രമത്തെ വംശഹത്യയായി കണക്കാക്കണമെന്ന ആവശ്യവുമായി ഹർദീപ് 2013 ൽ ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിനെ സമീപിച്ചിരുന്നു. ഒപ്പം ഇന്ത്യയിലെ പഞ്ചാബിനെ മറ്റൊരു രാജ്യമായി പ്രഖ്യാപിച്ച് സ്വാതന്ത്ര്യം നൽകണമെന്ന ആവശ്യവും 2014 ൽ യുഎൻ ആസ്ഥാനത്തിന് മുൻപാകെ ഹർദീപ് സമർപ്പിച്ചു.

അഞ്ച് മാസത്തിന് പിന്നാലെ 2014 നവംബർ 4ന് ഇന്റർപോൾ മുഖാന്തരം ഇന്ത്യ ഹർദീപ് സിംഗ് നജറിനെതിരായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തീവ്രവാദി സംഘത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായാണ് ഇന്റർപോൾ രേഖകളിൽ ഹർദീപ് സിംഗിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 2007 ൽ പഞ്ചാബിലെ ഷിംഗർ സിനിമയിൽ നടന്ന ബോംബാക്രമണത്തിൽ ഹർദീപ് സിംഗിന് ബന്ധമുണ്ടായതായി ഇന്ത്യ കണ്ടെത്തിയിരുന്നു. ബോംബാക്രമണത്തിൽ പിടിയിലായവർ ഹർദീപ് സിംഗ് നിജറിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് മൊഴി നൽകിയിരുന്നു.

2016 ൽ പുറപ്പെടുവിച്ച രണ്ടാം ഇന്റർപോൾ നോട്ടിസിൽ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്നിൽ നജറിന്റെ കൈയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി യുവാക്കളുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നതിലും പണം സ്വരൂപിക്കുന്നതിലും ഹർദീപ് സിംഗ് നിജറിന് പങ്കുണ്ടെന്നായിരുന്നു കണ്ടെത്തൽ.

തനിക്കെതിരായ തീവ്രവാദ ആരോപണങ്ങൾക്കിടയും 2018 ൽ സറേയിലെ ഗുരു നാനാക് സിക് ഗുരുദ്വാരയുടെ പ്രവർത്തനം നിജർ ഏറ്റെടുത്തു.

നിജറിന്റെ ശത്രു

പ്രിന്റിംഗ് പ്രസുമായി ബന്ധപ്പെട്ട് മറ്റൊരു സിഖ് പ്രധാനിയായ രിപ്പു ദമാൻ സിംഗ് മാലിക്കുമായി നിജറിന് ശത്രുതയുണ്ടായിരുന്നു. 1985 ലെ എയർ ഇന്ത്യ ബോംബാക്രമണത്തിൽ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയാണ് രിപ്പു ദമാൻ സിംഗ് മാലിക്.

സിഖ് മതഗ്രന്ഥങ്ങൾ അച്ചടിക്കുന്നതിനായാണ് രിപ്പു ദമാൻ മാലിക്കും മറ്റൊരു വ്യക്തിയും ചേർന്ന് പ്രിന്റിംഗ് പ്രസ് മെഷീൻ വാങ്ങുന്നത്. എന്നാൽ 2020 നവംബറിൽ മെഷീൻ സൂക്ഷിക്കാനായി രിപ്പു ഹർദീപ് സിംഗിന് നൽകുകയായിരുന്നു. പക്ഷേ കുറച്ച് നാൾക്ക് ശേഷം രിപ്പു മെഷീൻ തിരികെ ചോദിച്ചിട്ടും ഹർദീപ് അത് തിരികെ നൽകിയില്ല.

ഇതിന് പിന്നാലെ സിവിൽ സ്യൂട്ടും രിപ്പു മാലിക് ഫയൽ ചെയ്തിരുന്നു. എന്നാൽ 2022 ജൂലൈയിൽ മാലിക് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു.

കൃത്യം ഒരു വർഷത്തിന് ശേഷം നിജ്ജറിന്റേയും കൊലപാതകം

രിപ്പുദമൻ സിംഗ് മാലിക് കൊല്ലപ്പെട്ട് കൃത്യം ഒരു വർഷത്തിന് പിന്നാലെ 2023 ജൂൺ 18നാണ് ഹർദീപ് സിംഗ് നജറും കൊല്ലപ്പെടുന്നത്.

അന്നൊരു ഞായറാഴ്ചയായിരുന്നു. സറോയിലെ ഗുരുദ്വാരയിൽ നിന്ന് ചാര നിറമുള്ള പിക്കപ്പ് വാനിൽ പാർക്കിംഗിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ അജ്ഞാ സംഘം ഹർദീപ് സിംഗ് നജറിന് നേരെ നിറയൊഴിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചിരുന്ന അവർ, കൃത്യത്തിന് പിന്നാലെ അവിടെ നിന്ന് കടന്നു കളയുകയും ചെയ്തു. അക്രമികൾ ആരെന്നോ, എന്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നോ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.

Story Highlights: who is hardeep singh nijjar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement