‘പ്രസ്താവന വസ്തുതാവിരുദ്ധം’; മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ

മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ. ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമർശം ഏറെ ദുഃഖകരം. ജാതി വിവേചനം അല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്നും അക്കീരമൺ. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റുപല വിവാദങ്ങൾക്കും സൃഷ്ടിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു. (k radhakrishnan yogakshema sabha)
ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തുവന്നിരുന്നു. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി.
മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല. മാസങ്ങൾക്ക് ശേഷമുള്ള വിവാദത്തിൽ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാർത്താകുറിപ്പിൽ പറയുന്നു. മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിലാണ് അഖില കേരള തന്ത്രി സമാജത്തിൻ്റെ വിശദീകരണം.
Read Also: ‘ഇ ഡി റെയ്‌ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ; സുരേഷ് ഗോപിയുടെ ഇടപെടൽ അതിന് തെളിവ്’; വി എൻ വാസവൻ
ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
“ഞാൻ ഒരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തിൽ ചെന്ന സന്ദർഭത്തിൽ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയിൽ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോൾ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാൻ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തുവെച്ചു. ഞാൻ എടുത്ത് കത്തിക്കട്ടെ എന്നാണ് അവർ വിചാരിച്ചത്. ഞാൻ എടുക്കണോ? ഞാൻ കത്തിക്കണോ? ഞാൻ പറഞ്ഞു പോയി പണി നോക്കാൻ” – മന്ത്രി വിവരിച്ചു.
നേരിടേണ്ടി വന്ന ജാതി വിവേചനത്തിന് അതേ വേദിയിൽ വെച്ചുതന്നെ മറുപടി പറഞ്ഞെന്ന് മന്ത്രി വിശദീകരിച്ചു. “ഞാൻ തരുന്ന പൈസയ്ക്ക് നിങ്ങൾക്ക് അയിത്തമില്ല, എനിക്കാണ് നിങ്ങൾ അയിത്തം കൽപ്പിക്കുന്നത്. പൈസയ്ക്ക് മാത്രം അയിത്തമില്ല. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. ഈ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഞാൻ പറഞ്ഞു” – മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: k radhakrishnan yogakshema sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here