ചൈനയിൽ ഇന്ത്യൻ ഫുട്‌ബോൾ വിജയത്തിന് സാക്ഷിയായി മലയാളികൾ

ഷിയോഷൻ സ്പോർട്സ് സെൻറർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിന് എത്തിയ 5232 കാണികളിൽ ഇന്ത്യക്കാർ കൂട്ടമായുണ്ടായിരുന്നു. ഇടയ്ക്കിടെ ഇന്ത്യ, ഇന്ത്യ വിളി ഗാലറിയിൽ മുഴങ്ങി. ഇത്രയധികം ഇന്ത്യക്കാരോയെന്ന് ബംഗ്ലാദേശിൽ നിന്നു വന്ന റിപ്പോർട്ടർ ജ ഹിറുൽ ഇസ്ലാം ആശ്ചര്യപ്പെടുകയും ചെയ്തു.ഈ ഇന്ത്യൻ സംഘത്തിൽ പെട്ടൊരു വിദ്യാർഥിക്കൂട്ടം കളി കഴിഞ്ഞ് കളിക്കാരെ കാണാൻ കാത്തുനിന്നു.കോഴിക്കോട് സ്വദേശി അഞ്ചൽ അനിലും തൃശൂരിൽ നിന്നുള്ള ഫർദിയോനും അക്കുട്ടത്തിൽ ഉണ്ടായിരുന്നു. അഞ്ചൽ ഇവിടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കി ഇൻ്റൺഷിപ് ചെയ്യുകയാണ്. ഫർദിയോൻ ഷിജോങ് സർവകലാശാലയിൽ ഇൻ്റർനാഷനൽ ബിസിനസ് പഠിക്കുന്നു. ( Malayali students to witness India’s football success )
ഏഷ്യൻ ഗെയിംസ് ആവേശത്തിലാണ് ചൈനയിലെ വിദേശ വിദ്യാർഥികൾ എന്ന് അവർ പറഞ്ഞു. അഞ്ചലിന് ഫുട്ബോൾ, ഹോക്കി ടിക്കറ്റുകൾ കിട്ടി. ക്രിക്കറ്റിനു ടിക്കറ്റ് കിട്ടിയില്ല.ഫർദിയോൻ ഇന്ത്യൻ പുരുഷ ടീം ക്രിക്കറ്റ് സ്വർണം നേടുമെന്ന പ്രതീക്ഷയിൽ ഫൈനലിനുള്ള ടിക്കറ്റ് എടുത്തിരിക്കുകയാണ്. ഇന്ത്യൻ ബി’ ടീം ആണെങ്കിലും ഫൈനലിൽ കടക്കണമെന്ന പ്രാർഥനയിലാണ്.വനിതാ ക്രിക്കറ്റ് ഫൈനലിൻ്റെ ടിക്കറ്റ് ഇനിയും വിറ്റു തീരാനുണ്ടത്രെ.

ഫുട്ബോൾ കളിയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 50, 100, 200 യുവാൻ ( ഒരു യുവാൻ പതിനൊന്നു രൂപയിൽ കൂടുതൽ വരും) ആണ്. ഹോക്കിക്ക് 20, 50, 100 ക്രമത്തിൽ. ക്രിക്കറ്റിന് പ്രാഥമിക റൗണ്ടിൽ 50 ,100, 200 യുവാൻ നിരക്കിൽ ടിക്കറ്റുണ്ടായിരുന്നു.
ചൈനക്കെതിരെ ഗോൾ അടിച്ച് ഹീറോ ആയ മലയാളി താരം കെ.പി. രാഹുൽ പക്ഷേ, ടീം ചൈനയോട് അഞ്ചു ഗോൾ വാങ്ങിയതിൽ നിരാശനാണ്. ടീം ജയിച്ചിരുന്നെങ്കിൽ തൻ്റെ ഗോൾ മികച്ച തെന്നു പറയാമായിരുന്നെന്ന് രാഹുൽ.

ഇന്ന് ബംഗ്ലാദേശിനെതിരെ ജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച രാഹുൽ , ടീം സെറ്റായി വരുന്നേയുള്ളൂവെന്ന നായകൻ സുനിൽ ഛേത്രിയുടെ അഭിപ്രായത്തോട് യോജിച്ചു.ചൈനയിൽ എത്തി വിശ്രമിക്കാതെയാണ് ആദ്യ കളിക്കിറങ്ങിയത്. രണ്ടാമത്തെ കളിയിൽ മെച്ചപ്പെട്ടു. പക്ഷേ, അവസരങ്ങൾ പലതും പാഴായി. അടുത്ത മത്സരത്തിൽ കൂടുതൽ നന്നായി കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രാഹുൽ.2017ൽ ഫിഫ അണ്ടർ 17 ലോക കപ്പിൽ കളിച്ച ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ് രാഹുൽ.
ടീമിന് പ്രശ്നങ്ങൾ ഏറെയുണ്ടായെങ്കിലും താൻ അതൊന്നും പറയുന്നതു ശരിയല്ല എന്നു രാഹുൽ പറഞ്ഞപ്പോൾ കൗമാരം കടന്ന് യുവത്വത്തിൽ എത്തിയ കളിക്കാരൻ്റെ അനുഭവ സമ്പത്ത് പ്രകടമായിരുന്നു.
Story Highlights: Malayali students to witness India’s football success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here