എന്താണ് സഭയിലെ രേഖകളിൽ നിന്ന് നീക്കം ചെയ്യൽ?; നീക്കം ചെയ്ത വിവരങ്ങൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിലുള്ള തടസമെന്ത്?

കഴിഞ്ഞ കുറച്ച് നാളായി പാർലമെൻ്റ് രേഖകളിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവണത നമ്മൾ കാണുന്നു. ഈ വർഷം ഫെബ്രുവരിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ കുറച്ച് ഭാഗങ്ങൾ രേഖകളിൽ നിന്ന് നീക്കിയിരുന്നു. ഇങ്ങനെ നീക്കം ചെയ്യുന്ന ഭാഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുവാദമില്ല. ഇത്തരത്തിൽ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതിൻ്റെ നടപടിക്രമങ്ങളും നീക്കം ചെയ്ത വിവരങ്ങൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിലുള്ള തടസവും എന്തെന്ന് പരിശോധിക്കാം. (Expunged means Parliamentary parlance)
അൺപാർലമെൻ്ററി ആയിട്ടുള്ള വാക്കുകളും നിയമവിരുദ്ധ പരാമർശങ്ങളും ഉപയോഗിക്കുമ്പോഴാണ് സ്പീക്കർ ആ വാക്കുകൾ അടങ്ങുന്ന പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടന അനുഛേദം 105(2) അനുസരിച്ച് പാർലമെൻ്റിൽ നടത്തുന്ന പരാമർശങ്ങളിൽ കോടതി ഇടപെടില്ല. എന്നാൽ, പാർലമെൻ്റിലെ മര്യാദ പാലിക്കണം. എംപിമാരുടെ പ്രവർത്തനവും പെരുമാറ്റവും എങ്ങനെയാവണമെന്നതിനെപ്പറ്റി കൃത്യമായ നിയമമുണ്ട്. ഇതനുസരിച്ച് സ്പീക്കറാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
നിയമമനുസരിച്ച് അപകീർത്തികരമായതോ മര്യാദയില്ലാത്തതോ അൺപാർലമെന്ററിയായതോ മാന്യമല്ലാത്തതോ ആയ പ്രസ്താവനകൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കർക്ക് അധികാരമുണ്ട്. ഇത്തരം വാക്കുകൾ പ്രയോഗിക്കപ്പെടുന്നു എന്ന് തോന്നിയാൽ സ്പീക്കറിന് ഇവ രേഖകളിൽ നിന്ന് നീക്കം ചെയ്യാം. ഇങ്ങനെ നീക്കം ചെയ്ത രേഖകൾ ഔദ്യോഗിക രേഖകളുടെ ഭാഗമാവില്ല. അതുകൊണ്ട് തന്നെ ഭാവിയിൽ ഇത് ചൂണ്ടിക്കാട്ടി സംസാരിക്കാനുമാവില്ല. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതിനാണ് ഇത്.
പാർലമെൻ്റിലെ റിപ്പോർട്ടിംഗ് സെക്ഷൻ തലവനാണ് സ്പീക്കറിനെ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തുക. ഇത് പരിഗണിച്ചാവും സ്പീക്കറിൻ്റെ തീരുമാനം. പരമാവധി കുറച്ച് വാക്കുകൾ നീക്കം ചെയ്ത് പ്രസ്താവന സൂക്ഷിക്കുകയാണ് പതിവ്.
ഇങ്ങനെ നീക്കം ചെയ്യുന്ന പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുവാദമില്ല. ലൈവ് ടെലികാസ്റ്റിനിടെ ഇത് സംപ്രേഷണം ചെയ്യപ്പെട്ടാലും ഇത് റിപ്പോർട്ട് ചെയ്യാൻ പാടില്ല. എന്നാൽ, സമൂഹമാധ്യമങ്ങളിലൊക്കെ ഇവ പ്രചരിക്കാറുണ്ട്. ലൈവ് ടെലികാസ്റ്റ് ഉണ്ടെന്നുള്ളതുകൊണ്ട് രേഖകളിൽ നിന്ന് നീക്കം ചെയ്യുമ്പോഴേക്കും ഈ വിഡിയോ പ്രചരിച്ചിരിക്കും.
Story Highlights: Expunged what it means Parliamentary parlance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here