‘ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ സിപിഐഎം തയ്യാറാകണം’; വി.ഡി സതീശൻ

ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ സിപിഐഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ജെഡിഎസ് ദേശീയ നേതൃത്വം ബിജെപി ബന്ധത്തിലേക്ക് പോയതെന്ന് സംശയിക്കണം. സിപിഐഎമ്മിന് സംഘപരിവാർ വിരുദ്ധത ഇരട്ടത്താപ്പാണെന്നും വി.ഡി സതീശൻ.
ബിജെപി വിരുദ്ധ കോൺഗ്രസ് ഇതര മുന്നണിയെന്ന ആശയം ദേശീയ സമ്മേളനത്തിൽ അംഗീകരിച്ച പാർട്ടിയാണ് ജെഡിഎസ്. ഇതേ ജെഡിഎസ് ഇന്ന് എൻഡിഎയുടെ ഭാഗമാണ്. സിപിഐഎം നേതൃത്വം നൽകുന്ന എൽഡിഎഫിലെ ഘടകകക്ഷിയാണ് ജെഡിഎസ്. കൂടാതെ ജെഡിഎസ് പ്രതിനിധി പിണറായി വിജയൻ മന്ത്രിസഭയിൽ അംഗവുമാണ്. ബിജെപി വിരുദ്ധതയിൽ വാചക കസർത്ത് നടത്തുന്ന ഇടത് മുന്നണിക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും വി.ഡി സതീശൻ ചോദിച്ചു.
ബിജെപി വിരുദ്ധ നിലപാടിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കണം. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ “ഇന്ത്യ” എന്ന വിശാല പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ അതിനൊപ്പം ചേരാൻ കേരളത്തിലെ സിപിഐഎമ്മിന് താത്പര്യമില്ല. ലാവലിനും സ്വർണക്കടത്തും മാസപ്പടിയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും സംഘപരിവാറിനോടുള്ള വിധേയത്വവും ഭയവുമാണ് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും സിപിഎം ദേശീയ നേതൃത്വത്തെ വിലക്കാൻ പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകത്തെ പ്രേരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്.
ജെഡിഎസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ദേശീയ നേതൃത്വം ബിജെപി ബന്ധത്തിലേക്ക് പോയതെന്ന് സംശയിക്കണം. ഒരു മാസമായി ഇതു സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിട്ടും ദേശീയ നേതൃത്വത്തെ തിരുത്താനുള്ള ഒരു സമ്മർദവും കേരള ഘടകത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ജെഡിഎസും സിപിഎമ്മും എൽഡിഎഫും കേരളത്തിലെ ജനങ്ങളോട് കാട്ടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
Story Highlights: ‘JDS should be expelled’; VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here