Advertisement

വന്ദേഭാരതിന്റെ ക്രെഡിറ്റ് എംപിമാര്‍ക്കും മന്ത്രിമാര്‍ക്കുമല്ല; ഉത്തരം താങ്ങുന്ന പല്ലികളാകരുതെന്ന് വി മുരളീധരന്‍

September 24, 2023
Google News 2 minutes Read
Credit for Vande Bharat does not go to MPs and ministers says V Muraleedharan

കേരളത്തിന് വന്ദേഭാരത് അനുവദിച്ചതിന്റെ ക്രെഡിറ്റ് എംപിമാര്‍ക്കോ മന്ത്രിമാര്‍ക്കോ അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അത്തരം ക്രെഡിറ്റ് ആവശ്യപ്പെടുന്നവര്‍ ഉത്തരത്തില്‍ ഇരിക്കുന്ന പല്ലികളെ പോലെ ആകരുത്. രാഷ്ട്രീയം നോക്കിയല്ല വികസനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കുന്നതെന്നും വി മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

കാസര്‍ഗോഡിന് വികസനത്തിന് അര്‍ഹതയുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയാണ് മോദി. വന്ദേഭാരത് അനുവദിച്ചതില്‍ വ്യക്തിപരമായി ഒരു എംപിമാര്‍ക്കോ മന്ത്രിമാര്‍ക്കോ ക്രെഡിറ്റ് കൊടുക്കേണ്ടതില്ല. മോദി സര്‍ക്കാരിന്റെ നയം രാജ്യത്തിന്റെ എല്ലാ ഭാഗത്തും വികസനം എത്തണമെന്നതാണ്. കേരളത്തില്‍ നിന്ന് നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ഒരു എം പി പോലുമില്ലാതിരുന്നിട്ടും ഇതെല്ലാം കേരളത്തിന് അനുവദിക്കുന്നുണ്ട്. ആര് ആവശ്യപ്പെടുന്നു എന്ന് നോക്കിയിട്ടല്ല മോദി വികസനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അടിയില്‍ പറ്റിക്കിടക്കുമ്പോള്‍ പല്ലിക്ക് തോന്നും താനാണ് ഉത്തരം താങ്ങിനിര്‍ത്തുന്നതെന്ന്. അത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നവരാകരുത് എംപിമാര്‍. അവര്‍ നരേന്ദ്രമോദിക്ക് നന്ദി പറയുകയാണ് ചെയ്യേണ്ടത്.

രാജ്യം വികസിക്കണമെങ്കില്‍ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കണം. ഇവ അതിവേഗം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. പദ്ധതികള്‍ ദീര്‍ഘമായി നീണ്ടുപോകുന്നതിനോട് ഒട്ടും യോജിക്കാത്ത ആളാണ് അദ്ദേഹം. അടുത്ത വര്‍ഷത്തോടെ നാനൂറ് വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് വിവിധയിടങ്ങളിലായി നടപ്പിലാക്കാന്‍ പോകുന്നത്. കേരളത്തില്‍ ആദ്യമായി കാസര്‍ഗോഡ് നിന്നൊരു അതിവേഗ തീവണ്ടി എന്ന പ്രഖ്യാപനം മലയാളികള്‍ സ്വപ്‌നം പോലും കാണാതിരുന്നതാണ്’. വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. റെയില്‍വേയെ കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്.കേരളത്തിന് അനുവദിച്ചത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.

ചൊവ്വാഴ്ച്ച മുതല്‍ ട്രെയിനിന്റെ റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കും. 26ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക. കാസര്‍ഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരത്ത് 3.05 ന് എത്തും.

Story Highlights: Credit for Vande Bharat does not go to MPs and ministers says V Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here