Advertisement

കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, ഏതായാലും ഞാന്‍ മരിച്ചിട്ടില്ല: പി സി ജോര്‍ജ്

September 24, 2023
Google News 4 minutes Read
P C George on mistake in K Sudhakaran's statement about K G George

മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചലച്ചിത്ര പ്രതിഭ കെ ജി ജോര്‍ജ് വിടപറഞ്ഞ ദിവസമാണ് ഇന്ന്. കെ ജെ ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ ആളെ പെട്ടെന്ന് മനസിലാകാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഒരു പിഴവ് സംഭവിച്ചു. ജോര്‍ജ് നല്ല പൊതുപ്രവര്‍ത്തകനാണെന്ന് ആയിപ്പോയി അദ്ദേഹത്തിന്റെ പ്രതികരണം. സുധാകരന്റെ പ്രതികരണത്തില്‍ നിന്ന് മരണപ്പെട്ടത് പി സി ജോര്‍ജെന്ന് കരുതിയ ചില ആളുകള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. താന്‍ മരിച്ചിട്ടില്ലെന്ന ആമുഖത്തോടെയാണ് പി സി ജോര്‍ജിന്റെ വിശദീകരണം. (P C George on mistake in K Sudhakaran’s statement about K G George)

‘സുധാകരന്‍ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാന്‍ മരിച്ചു എന്ന് അറിയിച്ചതാണ്. സുധാകരന്‍ നല്ല മനുഷ്യനാണ്. അദ്ദേഹത്തെപ്പോലെ മാന്യനായ നേതാവിനെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല’. പി സി ജോര്‍ജ് പറഞ്ഞു. താന്‍ പള്ളിയില്‍ നില്‍ക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും സംഭവത്തിനുശേഷം നിരവധിയാളുകള്‍ തന്നെ സമീപിച്ചെന്നും പി സി ജോര്‍ജ് പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പ്രതികരണത്തില്‍ പിഴവ് ബോധ്യമായതോടെ ഖേദം പ്രകടിപ്പിച്ച് കെ സുധാകരനും രംഗത്തെത്തി. ആരാണ് മരണപ്പെട്ടതെന്ന് അപ്പോള്‍ മനസിലായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ അത് വ്യക്തമാക്കിയിരുന്നില്ലെന്നും ഈ സംഭവത്തില്‍ താന്‍ ഖേദിക്കുന്നതായും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് രാവിലെ കെ. ജി ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകന്‍ കെ ജി ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.

സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ ജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.
എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Story Highlights: P C George on mistake in K Sudhakaran’s statement about K G George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here