Advertisement

‘കെ ജി ജോര്‍ജിന്റെ സൃഷ്ടി വൈഭവത്തെ തലമുറകളിലേക്കെത്തിക്കാന്‍ കലാ നിരൂപക ലോകം മനപൂര്‍വം വിസ്മരിച്ചിരുന്നു….’; കുറിപ്പ്

September 25, 2023
Google News 4 minutes Read
Krishnendu Kalesh facebook post on K G George

കാലത്തേയും കവിഞ്ഞ സൃഷ്ടി വൈഭവം പ്രകടിപ്പിച്ച ചലച്ചിത്രകാരനാണ് മലയാളത്തിന്റെ കെ ജി ജോര്‍ജ് എന്ന് തിരിച്ചറിയപ്പെടാന്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളും രാഷ്ട്രീയ സൂക്ഷ്മതയുള്ള അന്തരീക്ഷവും ലോകോത്തര സിനിമകള്‍ ധാരാളമായി കാണുന്ന തലമുറയും വേണ്ടിവന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച കാലത്ത് അര്‍ഹിക്കുന്നത്ര നിരൂപക ശ്രദ്ധ നേടാനാകാതെ കൂടിയാണ് കെ ജി ജോര്‍ജ് ഇന്നലെ മടങ്ങിയത്. കെ ജി ജോര്‍ജിന്റെ സൃഷ്ടി വൈഭവത്തെ തലമുറകളിലേക്കെത്തിക്കാന്‍ കലാ നിരൂപക ലോകം മനപൂര്‍വം വിസ്മരിച്ചിരുന്നുവെന്നും അത് അദ്ദേഹം തന്നെ മനസിലാക്കിപ്പോന്നിരുന്നുവെന്നും പറയുകയാണ് സംവിധായകനും കെ ജി ജോര്‍ജിന്റെ ശിഷ്യനുമായ കൃഷ്‌ണേന്ദു കലേഷ്. സ്വന്തം സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെക്കുറിച്ച് കെ ജി ജോര്‍ജിന് സ്വയമുണ്ടായിരുന്ന അവബോധത്തെക്കുറിച്ചും അദ്ദേഹം തന്റെ പ്രവര്‍ത്തന കാലത്ത് വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതിരുന്നതിനെക്കുറിച്ചും കൃഷ്‌ണേന്ദു കലേഷ് എഴുതിയ കുറിപ്പ് വായിക്കാം… (Krishnendu Kalesh facebook post on K G George)

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ, തിരക്കഥ എന്ന നിലവാരത്തില്‍ ‘യവനിക’യെ എനിക്ക് പരിചയപെടുത്തിയതു ജോര്‍ജ് സര്‍ തന്നെയായിരുന്നു. ശരിയാണ്, അത്രയും ബൃഹത്തും ഡിഫൈന്‍ഡും ആയ കഥാപാത്രസൃഷ്ടികളും, ബ്രില്ല്യന്റ് സ്ട്രക്ച്ചറും ടെക്‌നിക്കും, ഉദ്വെഗവും ചേര്‍ന്ന പെര്‍ഫെക്റ്റ് ആയ കുറ്റാന്വേഷണ സിനിമ ഇന്നും വന്നിട്ടില്ല. ഫെല്ലിനിയെയും, ഹിച്‌കോക്കിനെയുമൊക്കെ സമര്‍ത്ഥിച്ച ശേഷം അദ്ദേഹം തന്റെ കഌസുകളില്‍ ഒരു നേരം പഠിപ്പിച്ചിരുന്നത് സ്വന്തം സിനിമകളെപ്പറ്റി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടിവൈഭവത്തെ തലമുറകളിലേക്കെത്തിക്കാന്‍ ഇവിടുത്തെ കലാനിരൂപക ലോകം മനപ്പൂര്‍വം വിസ്മരിച്ചിരുന്നു എന്നത് അദ്ദേഹം മനസ്സിലാക്കിപ്പോന്നിരുന്നു. അപ്രകാരം രണ്ടായിരങ്ങളിലെ ടീനേജിന് തന്റെ സിനിമകളെ ആഴത്തില്‍ പരിചയപ്പെടുത്തിപ്പോന്നത് സൃഷ്ടാവായ ജോര്‍ജ് സര്‍ തന്നെയായിരുന്നു. കേരളത്തിലെ ഫേസ്ബുക് സിനിമാചര്‍ച്ചകളിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ ഔട്ട് കം ആയി ഞാന്‍ മനസ്സിലാക്കിയത് കെ ജി ജോര്‍ജ് സിനിമകളുടെ എക്‌സ്‌പ്ലൊറേഷന്‍ ആണ്, അതിലൂടെ അദ്ദേഹത്തിന്റെ മാസ്റ്ററിയെ നവതലമുറ തിരിച്ചറിയുന്നതാണ്, മാധ്യമങ്ങള്‍ അതേറ്റെടുത്തതാണ്.

പഠനകാലത്തു ഡി വി ക്യാമെറയില്‍ ഷൂട്ട് ചെയ്‌തൊരു ഷോര്‍ട് ഫിലിമിന് വൈഡ് സ്‌ക്രീന്‍ സിനിമാഫീല്‍ കിട്ടാനായി മുകളിലും താഴെയും കൃത്രിമ മാസ്‌ക്ക് വെച്ച് കാണിച്ചപ്പോള്‍, ‘നീ ഒരു ഫോര്‍മാറ്റിനെ മാസ്‌കിട്ടു ഇമേജിനെ ചുരുക്കുകയാണ് ചെയ്തത്, ഓരോ ഫോര്മാറ്റിനും ഒരു എസ്‌തെറ്റിക്‌സ് ഉണ്ട്’ എന്ന ഒറ്റ വാചകം സിനിമാസമീപനത്തെ തന്നെയും മാറ്റിമറിച്ചിട്ടുണ്ട്. അത്തരം കുറിക്കു കൊള്ളുന്ന ധാരാളം ഇന്‍ഫൊര്‍മേറ്റിവ് ഇന്റെറാക്ഷനുകള്‍… സീനിയര്‍ ആയിരുന്ന ലിജിന്‍ ജോസ് സംവിധാനം ചെയ്ത ‘8½Intercuts Life and Films of K G George’ എന്ന ഡോക്യുമെന്ററി ആണ് അദ്ദേഹത്തോനൊരുപക്ഷേ സിനിമാശിഷ്യ മേഖലയില്‍ നിന്നും കിട്ടിയ ഏറ്റവും മികച്ച ട്രിബ്യൂട്ട്.

Read Also: ജീവിതരതിയുടെ കലാപക്കാരന്‍: മലയാളി തുറന്നു പറയാന്‍ മടിച്ച ലൈംഗികതയും ജീവിത രഹസ്യങ്ങളും പ്രമേയമാക്കിയ കെ ജി ജോര്‍ജ്

ഇന്നും അദ്ദേഹത്തിന്റെ സിനിമകളുടെ നല്ല പ്രിന്റുകള്‍ ദേശീയ ആര്‍ക്കൈവില്‍ ഉണ്ടോ എന്നതും സംശയമാണ്, അടൂരിന്റേയും അരവിന്ദന്റേയും സിനിമകളുടെ മികച്ച പ്രിന്റുകള്‍ ഇന്റര്‍നെറ്റിലും, റെസ്റ്റോറേഷന്‍ ടേബിളുകളിലും ഉള്ളപ്പോള്‍ കെ ജി ജോര്‍ജ് സിനിമകളുടെ വെട്ടിക്കൂട്ടിയ വികലമായ പ്രിന്റുകളേ ജനങ്ങള്‍ക്ക് ലഭ്യമുള്ളൂ, ഒരു തരം തിരിവ് എവിടെയും പ്രകടമാണ്, ‘കോലങ്ങള്‍’, ‘മറ്റൊരാള്‍’, ‘ഈ കണ്ണി കൂടി’ തുടങ്ങിയ ഡയറിങ് സിനിമകള്‍ അത്തരത്തിലെങ്കിലും കാണാന്‍ കഴിഞ്ഞത് തന്നെ എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് (ഇവ മൂന്നും സൂര്യ ടീവിയില്‍ ഇടക്ക് വരുന്നുണ്ടെന്ന് തോന്നുന്നു).

മലയാളത്തിലെ/ ഇന്ത്യയിലെ ഏറ്റവും മികച്ച കുറ്റന്വേഷണ സിനിമ, ഒപ്പം തന്നെ മൂന്നു തരത്തിലുള്ള അന്വേഷണ അപ്പ്രോച്ചുകള്‍ ഉള്ള സിനിമകള്‍ (യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്, ഈ കണ്ണി കൂടി), ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍, ഏറ്റവും മികച്ച സൈക്കളോജിക്കല്‍ ക്രൈം ഡ്രാമ, ഏറ്റവും മികച്ച ഒരു പിടി ഫെമിനിസ്റ്റ് ചിത്രങ്ങള്‍, ഏറ്റവും മികച്ച കഥാപാത്രപഠനങ്ങള്‍ ഒക്കെയും സാധ്യമാക്കിയത് അന്നും ഇന്നും കെ ജി ജോര്‍ജ് ചിത്രങ്ങളിലൂടെ തന്നെയാണ്. സത്യജിത് റേ, അരവിന്ദന്‍ ഇവര്‍ക്ക് ശേഷം ഇനപരമായും, വിഷയപരമായും ഇത്തരമൊരു ഡൈനാമിക് ലൈനപ്പ് ഉള്ള മറ്റു ലെജന്‍ഡറി സംവിധായകര്‍ ഉണ്ടോ എന്നതും സംശയമാണ്, ആര്‍ട്ട്‌മൈന്‍സ്ട്രീം അതിര്‍വരമ്പുകളെ, അതിന്റെ ആസ്വാദനമൂല്യത്തെ, ബുദ്ധിപരമായ ഉപയോഗത്തെ, ആധുനികചിന്തകളെ, കോമ്പ്‌ലെക്‌സ് ആന്തരിക വ്യാപാരങ്ങളെ… മികച്ച നിലവാരത്തില്‍ മലയാളിക്ക് പരിചയപ്പെടുത്തിയതു പോലും അദ്ദേഹമാണ്.

’98 നു ശേഷം അദ്ദേഹത്തിന്റേതായി ഒന്നുപോലും സംഭവിച്ചില്ലെങ്കില്‍പ്പോലും, ചില കഌസുകളില്‍ അദ്ദേഹം എഴുതിപ്പൂര്‍ത്തിയാക്കിയ തിരക്കഥ വായിച്ചു ഞങ്ങള്‍ സ്റ്റുഡന്റ്‌സിനു കേള്‍പ്പിച്ചിരുന്നു. അത് സിനിമയാക്കുമ്പോള്‍ അസിസ്റ്റ് ചെയ്യാന്‍ അവസരം ചോദിച്ചൊക്കെ വിളിച്ചിരുന്നു. കുറേക്കാലത്തിനു ശേഷം പുതിയ സിനിമ ചെയ്യുന്നതിലുള്ള പ്രതീക്ഷ അദ്ദേഹം തന്നെ തള്ളിക്കളഞ്ഞു. അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹത്തെ ഇന്നത്തെപ്പോലെ ഡിസ്‌കസ് ചെയ്തിരുന്നെങ്കില്‍, ഇന്നും ഒരുപിടി കൂടുതല്‍ കെജി ജോര്‍ജ് സിനിമകള്‍ മലയാളത്തിനു ലഭ്യമായിരുന്നേനേ, അപ്രകാരം ഒരു പക്ഷെ നവസിനിമകളുടെ ഗതിവിഗതികളുടെ ബെഞ്ച്മാര്‍ക്ക് തന്നെ ഒരുപാടുയര്‍ന്നേനെ എന്ന് തോന്നിയിട്ടുണ്ട്, ടെക്‌നോളജിയുടെ പത്തുകൊല്ലത്തിന്റെ വൈകിയോട്ടം ഏറ്റവും ബാധിച്ച സംവിധായകന്‍ അദ്ദേഹമാണ്, പ്രേക്ഷകര്‍ നമ്മളുമാണ് !

Story Highlights: Krishnendu Kalesh facebook post on K G George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here