Advertisement

ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു; കരുവന്നൂര്‍ ചോദ്യം ചെയ്യലില്‍ ഇഡിക്കെതിരെ എം.കെ കണ്ണന്‍

September 25, 2023
Google News 3 minutes Read
MK Kannan allegation against ED in Karuvannur bank scam

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് എം കെ കണ്ണന്‍ ചോദ്യം ചെയ്യലിന് ശേഷം ഉന്നയിച്ചത്. ഇ ഡി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം കെ കണ്ണന്‍ പറഞ്ഞു.(MK Kannan allegation against ED in Karuvannur bank scam)

ഇഡി ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ പറയാന്‍ തന്നെ നിര്‍ബന്ധിച്ചു. ഇഡിക്കെതിരായ പി ആര്‍ അരവിന്ദാക്ഷന്റെ പരാതി സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. ഈ മാസം 29ന് വീണ്ടും ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം കെ കണ്ണന്‍ പ്രതികരിച്ചു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്റെ അടുത്ത് ഇ ഡി ചോദിച്ചില്ല. ബാങ്കിലെ ചില ആളുകളുടെ അക്കൗണ്ടിനെ കുറിച്ച് മാത്രം ചോദിച്ചു. ഭീഷണിയും സമ്മര്‍ദവുമാണ് ഉണ്ടായത്. അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉത്തരം പറയുകയാണ് അവരുടെ ആവശ്യം’. എം കെ കണ്ണന്‍ പ്രതികരിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണന്‍ അഭിഭാഷകര്‍ക്കൊപ്പം ഇ ഡി ഓഫീസിലെത്തിയത്. കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായുള്ള ബന്ധം ചോദിച്ചറിയുകയായിരുന്നു ഇഡിയുടെ പ്രധാന ഉദ്ദേശം. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ അല്ല തന്നോട് ചോദിച്ചതെന്നാണ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് എംകെ കണ്ണന്‍ പ്രതികരിച്ചത്.

Read Also: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പില്‍ സിപിഐഎമ്മില്‍ സമവായം; ടിഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ തിരിച്ചെടുത്തു

സതീഷ് കുമാറുമായി 30 വര്‍ഷത്തെ ബന്ധമുണ്ടെന്നും എന്നാല്‍ ഒരു രൂപ പോലും കൈപറ്റിയിട്ടില്ലെന്നും എം കെ കണ്ണന്‍ ആവര്‍ത്തിച്ചു. ഈ മാസം 29ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. സതീഷ് കുമാര്‍ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്. അതേസമയം കരുവന്നൂര്‍ കേസില്‍ എ സി മൊയ്തീന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. അനൂപ് ഡേവിസ് കാട, പി ആര്‍ അരവിന്ദാക്ഷന്‍ എന്നിവരെയും ഇഡി വീണ്ടും വിളിപ്പിക്കും. എ സി മൊയ്തീന് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി ഇഡി പരിധിയില്‍ എത്തിയത് സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Story Highlights: MK Kannan allegation against ED in Karuvannur bank scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here