ആധാർ വിശ്വസനീയമല്ല എന്ന് മൂഡീസ്; തെളിവുകളില്ലാതെ വാദങ്ങൾ മാത്രം, റിപ്പോർട്ട് തള്ളി സർക്കാർ
ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ ആധാറിനെ പ്രധാന തിരിച്ചറിയൽ രേഖയാക്കി മാറ്റുക എന്നത് ഇന്ത്യയുടെ ദീർഘകാലമായുള്ള ഒരു ലക്ഷ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മൂഡിസ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൂടുള്ളതും ആർദ്രതയുള്ളതുമായ കാലാവസ്ഥയിൽ പലപ്പോഴും ബയോമെട്രിക് വിവരങ്ങളിൽ പിഴവുകൾ വരാമെന്ന് ഉൾപ്പെടെയാണ് മൂഡിസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ചെറിയ പിഴവുകൾ സേവനം നിഷേധിക്കപ്പെടുന്നതിന് വരെ കാരണമാകുമെന്നും മൂഡിസ് കുറ്റപ്പെടുത്തി.
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളെ സംയോജിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിട്ട് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ നിയന്ത്രിക്കുന്നത്. എങ്കിലും ബയോമെട്രികിന്റെ വിശ്വാസ്യതയും സുരക്ഷാ ആശങ്കകളും ഉൾപ്പെടെയുള്ള നിരവധി തടസ്സങ്ങൾ സിസ്റ്റം അഭിമുഖീകരിക്കുന്നു. യുഐഡിഎഐ-ആധാർ സംവിധാനം പലപ്പോഴും സേവന നിഷേധങ്ങൾക്ക് കാരണമാകുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. ബയോമെട്രിക് സാങ്കേതികവിദ്യകളുടെ വിശ്വാസ്യതയും റിപ്പോർട്ടിൽ ചോദ്യം ചെയ്യുന്നുണ്ട്.
“ഡിജിറ്റൽ ഐഡിയുടെ ചില പ്രത്യേകത ക്യാറ്റഗറികൾ അതായത് സെൻട്രൽ അല്ലെങ്കിൽ ഫെഡറേറ്റഡ് നിയന്ത്രണത്തിലുള്ളവ, ദുരുപയോഗത്തിനോ ചൂഷണത്തിനോ സാധ്യതയുള്ളവയാണ്. വിരലടയാളമോ മുഖം തിരിച്ചറിയൽ വിവരങ്ങളോ പോലുള്ള സെൻസിറ്റീവ് ബയോമെട്രിക് ഡാറ്റ ഉൾപ്പെടുമ്പോൾ ഈ ആശങ്ക തള്ളിക്കളയാനാകുന്നതല്ല.”
“സാങ്കേതിക സങ്കീർണ്ണത, സൈബർ അപകടസാധ്യതകൾ, വ്യത്യസ്ത ചട്ടക്കൂടുകൾക്കിടയിലുള്ള പരസ്പര പ്രവർത്തനക്ഷമത പ്രശ്നങ്ങൾ, ഡാറ്റാ ചൂഷണത്തിനുള്ള സാധ്യതകൾ, സാധ്യമായ സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വെല്ലുവിളികളും മൂഡീസ് റിപ്പോർട്ടിൽ ഉയർത്തുന്നുണ്ട്. “പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും ഇല്ലാതെ വികേന്ദ്രീകൃത ഐഡന്റിറ്റി (ഡിഐഡി) വിവിധ ആഗോള സംവിധാനങ്ങളിൽ വ്യാപകമായി സ്വീകരിക്കപ്പെടാൻ സാധ്യതയില്ല,” മൂഡീസ് റിപ്പോർട്ടിൽ പരാമർശിച്ചു.
ഡാറ്റ ഫോർമാറ്റുകൾ, കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളുകൾ, ക്രിപ്‌റ്റോഗ്രാഫിക് രീതികൾ, സ്ഥിരീകരണ നടപടിക്രമങ്ങൾ എന്നിങ്ങനെ വികേന്ദ്രീകൃത ഡിജിറ്റൽ (ഡിഐഡി) ആർക്കിടെക്ചറിനുള്ളിലെ വിവിധ ഘടകങ്ങൾക്ക് കൃത്യവും അംഗീകരിക്കപ്പെട്ടതുമായ മാനദണ്ഡങ്ങളുടെ അഭാവം കാര്യക്ഷമമായും തടസ്സങ്ങളില്ലാതെയും പ്രവർത്തിക്കാനുള്ള വിവിധ ഡിഐഡി സിസ്റ്റങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
മൂഡീസിന്റെ റിപ്പോർട്ടിനോട് ഇന്ത്യ എങ്ങനെയാണ് പ്രതികരിച്ചത്?
ആധാർ-യുഐഡിഎഐ സംവിധാനത്തെക്കുറിച്ചുള്ള മൂഡീസിന്റെ റിപ്പോർട്ടുകൾ സർക്കാർ തള്ളി. തെളിവുകളില്ലാതെ അടിസ്ഥാനരഹിതമായ വാദങ്ങൾ എന്നാണ് ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം റിപ്പോട്ടിനെ വിശേഷിപ്പിച്ചത്.
പ്രസ്തുത റിപ്പോർട്ട് അതിൽ അവതരിപ്പിച്ച അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഡാറ്റയോ ഗവേഷണമോ ഉദ്ധരിച്ചിട്ടില്ല. ഉന്നയിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള വസ്തുതകൾ അറിയാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. മാത്രവുമല്ല റിപ്പോർട്ടിൽ നിരവധി ആധാർ ഉപയോക്താക്കളെ തെറ്റായി പരാമർശിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഫേസ് ഓതന്റിക്കേഷൻ, ഐറിസ് ഓതന്റിക്കേഷൻ തുടങ്ങിയ കോൺടാക്റ്റ്‌ലെസ് മാർഗങ്ങളിലൂടെയും ബയോമെട്രിക് സമർപ്പിക്കൽ സാധ്യമാണെന്ന് എന്ന വസ്തുത റിപ്പോർട്ട് അവഗണിക്കുന്നു. കൂടാതെ, നിരവധി കേസുകളിൽ മൊബൈൽ ഒടിപി ഓപ്ഷനും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
Story Highlights: What-are-moodys-concerns-about-indias-aadhaar-biometric-system
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here