മരുന്ന് മാറി കുത്തിവച്ച് 17 കാരിക്ക് ദാരുണാന്ത്യം മൃതദേഹം ആശുപത്രിക്ക് പുറത്തെ ബൈക്കിൽ ഉപേക്ഷിച്ച് അധികൃതര്‍ രക്ഷപ്പെട്ടു

ഡോക്ടർ തെറ്റായ മരുന്ന് കുത്തിവച്ചതിനെ തുടർന്ന് 17കാരി മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കില്‍ ഉപേക്ഷിച്ച ശേഷം, മരിച്ച വിവരം പോലും അറിയിക്കാതെ അധികൃതര്‍ കടന്നുകളഞ്ഞതായും കുടുംബം ആരോപിച്ചു. അതേസമയം കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് അധികൃതര്‍ കടന്നുകളയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഗിരോർ ഏരിയയിലെ കർഹൽ റോഡിൽ സ്ഥിതി ചെയ്യുന്ന രാധാ സ്വാമി ആശുപത്രിയിലാണ് സംഭവം. ഭാരതി എന്ന പതിനേഴുകാരിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് പനിയെ തുടർന്ന് ഭാരതി ആശുപത്രിയിൽ ചികിത്സ തേടിയത്. ബുധനാഴ്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും കുടുംബം പറയുന്നു. എന്നാല്‍ ബുധനാഴ്ച ഡോക്ടര്‍ നല്‍കിയ ഇഞ്ചക്ഷനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായി. നില വഷളായതിനാൽ ഒന്നും ചെയ്യാനാകില്ലെന്നും, കുട്ടിയെ എത്രയും വേഗം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ ആവശ്യപ്പെട്ടെന്നും ബന്ധുക്കൾ പറഞ്ഞു.
എന്നാല്‍ ഇതിനോടകം തന്നെ കുട്ടി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ഇരയുടെ കുടുംബം ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിന് പിന്നാലെ ചീഫ് മെഡിക്കൽ ഓഫീസർ ആശുപത്രി സീൽ ചെയ്തു. നോഡൽ ഓഫീസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
Story Highlights: UP Girl Dies After ‘Wrong’ Injection, Hospital Staff Dump Body And Flee