Advertisement

വാളയാർ കേസ്; പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രിയ പരിശോധനയ്ക്ക് അയക്കാൻ കോടതി അനുമതി

September 30, 2023
Google News 2 minutes Read

വാളയാർ കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രിയ പരിശോധനയ്ക്ക് അയക്കാൻ കോടതി അനുമതി നൽകി.സിബിഐ സംഘം സമർപ്പിച്ച ഹർജിയെ തുടർന്നാണ് പാലക്കാട് പോക്സോ കോടതിയുടെ നടപടി. പെൺകുട്ടികളുടെ അമ്മയുടെ മൊബൈൽ ഫോണും പരിശോധനയ്ക്ക് അയയ്ക്കും.
പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹർജിയിൽ അടുത്ത മാസം 30ന് കോടതി വിധി പറയും.

വാളയാർ കേസില്‍ അഡ്വ. കെ പി സതീശനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി. പ്രതികളുടെ നുണ പരിശോധന താൻ കോടതിയിൽ എതിർത്തുവെന്നത് അവാസ്തവമാണ്. കേസ് അട്ടിമറിക്കാൻ കെ പി സതീശൻ ശ്രമിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസിന്‍റെ ചുമതലകളിൽ നിന്ന് കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.

2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.

പിന്നാലെ വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമീഷന്‍ കണ്ടെത്തി. 2020 നവംബർ 4 മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. 2021 ജനുവരി ന് പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രിൽ ഒന്ന് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. 2021 ഡിസംബർ 27 ന് വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിൽ സിബിഐ കുറ്റപത്രം 2022 ഓഗസ്റ്റ് 10 കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ടുകയും ചെയ്തു. ലോക്കൽ പൊലീസിനെ പോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യ എന്ന് പറഞ്ഞപ്പോഴാണ് തുടരന്വേഷണത്തിന് നിർദേശിച്ചത്.

Story Highlights: Walayar Case; court allowed Forensic examination of accused Mobile phones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here