Advertisement

4*400 മീറ്റർ റിലേയിൽ മലയാളി പുരുഷ മേധാവിത്വം

October 4, 2023
2 minutes Read

ഇന്ത്യയുടെ 4×400 മീറ്റർ റിലേ ടീമിൽ 1984 ൽ തുടങ്ങിയ മലയാളി വനിതകളുടെ ആധിപത്യം അവസാനിക്കുമ്പോൾ പുരുഷന്മാർ സർവാധിപത്യത്തിലേക്കു കുതിക്കുകയാണ്. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ വി.കെ. വിസ്മയ മാത്രമായിരുന്നു മലയാളി സാന്നിധ്യം. ജിസ്ന മാത്യു സബ്സ്റ്റിട്യൂട്ടും. ഇത്തവണ ഹാങ് ചോവിലും ജിസ്ന മാത്യുവുണ്ട്. പക്ഷേ, സബ്സ്റ്റിട്യൂട്ട് മാത്രം. (malayali womens relay team)

മറിച്ച് പുരുഷ വിഭാഗത്തിൽ ഹീറ്റ്സിൽ പങ്കെടുത്ത ഇന്ത്യൻ റിലേ ടീമിൽ നാലുപേരും മലയാളികളായിരുന്നു.മുഹമ്മദ് അനസ് യഹിയ, നിഹാൽ ജോയൽ മാത്യു, മിജോ ജേക്കബ് കുര്യൻ, അമോജ് ജേക്കബ് എന്നിവരാണ് ഓടിയത് .ഇതിൽ അനസ് മാത്രമാണു കേരളത്തിൽ വളർന്നത്. ഡൽഹി മലയാളിയായ അമോജ് ഏറെക്കാലമായി ടീമിൽ ഉണ്ട്. നിഹാലും മിജോയും ബെംഗലുരുവിൽ നിന്നുള്ള മലയാളി ഓട്ടക്കാരാണ്. നോഹ നിർമൽ ടോം ഇപ്പോൾ ഫോമിലല്ല. അല്ലെങ്കിൽ നോഹയും പരിഗണിക്കപ്പെട്ടേനെ. ഫൈനലിൽ പക്ഷേ, നിഹാലിനും മിജോയ്ക്കും പകരം മുഹമ്മദ് അജ്മലും രാജേഷ് രമേശും ഇറങ്ങി. അവർ സ്വർണമെഡലും നേടി. മൂന്നു മലയാളി താരങ്ങൾ ആണ് ഫൈനൽ ഓടിയത്.കോച്ച് മലയാളി തന്നെ. രാജാമോഹൻ.

പി.ടി.ഉഷയും ഷൈനി വിൽസനും കെ. സാറാമ്മയും ശാന്തിമോൾ ഫിലിപ്പും കെ.എം.ബീനാമോളും ജിൻസി ഫിലിപ്പും കെ.സി. റോസക്കുട്ടിയും മഞ്ജിമ കുര്യാക്കോസും ചിത്ര കെ. സോമനും ടിയാനാ മേരി തോമസും സിനി ജോസും അനിൽഡ തോമസും ഒക്കെ ഇന്ത്യയുടെ മികച്ച ഒരു ലാപ് ഓട്ടക്കാരായാണ് റിലേ ടീമിൽ സ്ഥാനം നേടിയത്.ഹർഡിൽസിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ എം.ഡി.വൽസമ്മയും ലോങ് ജംപിൽ വെള്ളി നേടിയ മേഴ്സി കുട്ടനും 800 മീറ്റർ താരം ടിൻറു ലൂക്കയും റിലേ ടീമിൻ്റെയും ഭാഗമായി.

Read Also: ഏഷ്യന്‍ ഗെയിംസ്; വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിക്ക് സ്വര്‍ണം

ഇന്നു കേരളത്തിന് വ്യക്തിഗത 400 മീറ്ററിൽ മത്സരിക്കാൻ വനിതാ താരങ്ങൾ ഇല്ല എന്ന സ്ഥിതിയാണ്. അതുകൊണ്ടാണ് ആറംഗ ടീമിൽ ഒരാൾ മാത്രം എന്ന നിലയിൽ, അനിവാര്യമല്ലാത്ത സ്ഥിതിയിൽ മലയാളി വനിതാ 400 മീറ്റർ ഓട്ടക്കാർ എത്തിയത്. മറിച്ച് പുരുഷ വിഭാഗത്തിൽ മുഹമ്മദ് അനസും മുഹമ്മദ് അജ്മലും വ്യക്തിഗത ഇനത്തിലും മികവു കാട്ടുന്നു.

1984 ൽ ലൊസാഞ്ചലസ് ഒളിംപിക്സിൽ ഫൈനലിൽ കടന്ന ഇന്ത്യൻ വനിതാ റിലേ ടീമിൽ എം.ഡി.വൽസമ്മയും ഷൈനി വിൽസനും പി.ടി. ഉഷയും ഒപ്പം കർണാടകയുടെ വന്ദനാ റാവുവുമാണ് ഓടിയത്. അതൊരു തുടക്കമായിരുന്നു. ഇന്ന് ഇതര സംസ്ഥാന താരങ്ങൾക്കൊപ്പം ഒരു കേരള വനിത കൂടി ടീമിൽ സ്ഥാനം നേടിയാൽ ഭാഗ്യം എന്നതാണു സ്ഥിതി.1998 ൽ ബാങ്കോക്കിൽ വെള്ളി നേടിയ റിലേ ടീമിൽ, ഇപ്പോഴത്തെ ഇന്ത്യൻ സംഘത്തിൻ്റെ ഉപ മേധാവി പി. രാമചന്ദ്രനും ലിജോ ഡേവിഡ് തോട്ടാനും മത്സരിച്ചത് ആയിരുന്നു പുരുഷ വിഭാഗത്തിൽ കേരള സാന്നിധ്യത്തിൻ്റെ തുടക്കം. ഏതാനും വർഷമായി മികച്ച 400 മീറ്റർ ഓട്ടക്കാരുടെ ഒരു നിരതന്നെ പുരുഷ വിഭാഗത്തിൽ വളർന്നുവന്നു. വനിതകൾ പിന്നാക്കം പോയി. കാരണം അന്വേഷിക്കാൻ സമയമായി.

Story Highlights: malayali womens relay team india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top