യുപിയിൽ 5 വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരൻ ആത്മഹത്യ ചെയ്തു

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
ബറേലി ജില്ലയിലെ ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാർ തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെ പ്രതി ഷേർ മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇയാൾ ബലമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. പെൺകുട്ടിയുടെ വീട്ടുകാരെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ പരാതിൽ പ്രതിക്കെതിരെ ഫരീദ്പൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഗം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ (പോക്‌സോ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഷേർ മുഹമ്മദിനെതിരെ കേസെടുത്തിരുന്നത്.
പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മുഹമ്മദിനെ കണ്ടെത്തിയത്. പൊലീസിന്റെ നടപടി ഭയന്നോ പശ്ചാത്താപം കൊണ്ടോ മുഹമ്മദ് മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
Story Highlights: 60-Year-Old Man Rapes Five Years Old Girl In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here