Advertisement

ജെഡിഎസ് എൽഡിഎഫിൽ തന്നെ തുടരും, എൻഡിഎയ്ക്ക് ഒപ്പം നിൽക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയുന്നു; മാത്യു ടി തോമസ്

October 7, 2023
Google News 1 minute Read
JDS to stay with LDF; Mathew T Thomas

എൻഡിഎയ്ക്ക് ഒപ്പം നിൽക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരളഘടകം തള്ളിക്കളയുന്നുവെന്നും ജെഡിഎസ് കേരളത്തിൽ എൽഡിഎഫിൽ തന്നെ തുടരുമെന്നും മാത്യു ടി തോമസ് അറിയിച്ചു. ജെഡിഎസ് ദേശീയ നേതൃത്വം ഒരു ചർച്ചയും ഇല്ലാതെയാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. 2006 ൽ സമാനമായ സാഹചര്യം ഉണ്ടായിരുന്നു, അന്ന് സ്വാതന്ത്ര നിലപാടാണ് കേരള ഘടകം സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.‍

ബിജെപിയുമായി സഹകരിച്ച് പോകാനാകില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ പാർട്ടി രൂപീകരിക്കണോ, മറ്റ് എന്തെങ്കിലും പാർട്ടിയുമായി ലയിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും. കൂറുമാറ്റ നിരോധന നിയമ പ്രശ്നങ്ങൾ, പാർട്ടി ചിഹ്നം ഉൾപ്പടെയുള്ള വിഷയങ്ങളാണ് ഇനി നോക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

ദേശീയ തലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായി മാറിയതോടെ കേരളത്തിൽ ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കുന്ന ജെഡിഎസിന് സിപിഐഎം കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. എൻഡിഎയുടെ ഭാഗമായി നിന്നുകൊണ്ട് ഇടതുമുന്നണിയിൽ തുടരാൻ സാധിക്കില്ലെന്നാണ് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കാൻ ജെഡിഎസിനോട് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസാണ് എൻഡിഎയുടെ ഭാഗമായത്. കർണാടകത്തിലെ നിലനിൽപിന് വേണ്ടിയുളള തീരുമാനമാണിതെന്നും കേരള ഘടകത്തിന് സ്വന്തം തീരുമാനമെടുക്കാമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ചേർന്നതായി ജെഡിഎസ് പ്രഖ്യാപനം വന്നിട്ടും മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. അങ്ങനെയാണ് എൽഡിഎഫും നിലപാട് കടുപ്പിച്ചത്.

കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകൾ തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തയാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

Story Highlights: JDS to stay with LDF; Mathew T Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here