സംസ്ഥാന ആർജെഡി പിളർന്നു; നാഷണൽ ജനതാദളിനെ പുനരുജ്ജീവിപ്പിക്കും, യുഡിഎഫിൽ തുടരാനും തീരുമാനം

എൽജെഡി ലയന നീക്കവുമായി ദേശീയ നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ സംസ്ഥാന ആർജെഡി പിളർന്നു. പഴയ പാർട്ടിയായ നാഷണൽ ജനതാദളിനെ പുനരുജ്ജീവിപ്പിക്കാൻ ജോൺ ജോൺ വിഭാഗം തീരുമാനിച്ചു. യു.ഡി.എഫിന് ഒപ്പം തുടരാനാണ് ജോൺ ജോൺ വിഭാഗത്തിൻ്റെ തീരുമാനം.
എൽജെഡി-ആർജെഡി ലയനത്തെ ചൊല്ലിയുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നിൽ. എം.വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ എൽ.ജെ.ഡി-ആർ.ജെ.ഡിയിൽ ലയിക്കാനെടുത്ത തീരുമാനം തങ്ങളെ അറിയിച്ചില്ലെന്ന് ആർ.ജെ.ഡി സംസ്ഥാന നേതൃത്വം ആദ്യം മുതൽ ഉന്നയിച്ചിരുന്നു. ആർജെഡി ദേശീയ നേതാവ് തേജസ്വി യാദവുമായാണ് ചർച്ച നടന്നതെന്നും തങ്ങൾ ഇത് അറിഞ്ഞിരുന്നില്ലെന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ ആരോപിച്ചു.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം ഇക്കാര്യം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് എൽജെഡിക്ക് വിലയില്ലാത്തതിനാലാണ് ശ്രേയാംസ് കുമാറിന്റെ നീക്കം. ആർജെഡിയുമായി ചേർന്ന് ശക്തിപ്പെടാനാണ് ശ്രേയാംസ് കുമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ എൽജെഡി-ആർജെഡി ലയനത്തിൽ നിന്ന് ശ്രേയാംസ് കുമാറും ആർജെഡി ദേശീയ നേതൃത്വവും പിന്നോട്ടില്ലെന്ന് വ്യക്തമായതോടെയാണ് ആർജെഡി ജോൺ ജോൺ വിഭാഗം പിളർന്നത്.
Story Highlights: Kerala RJD Splits; Decision to continue in UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here