‘എന്റെ വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ?’; അനൂഷ പോളിന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിൽ ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്ക്

മാധ്യമ പ്രവർത്തക അനൂഷ പോളിന്റെ വീട് സന്ദർശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക്. അനൂഷ പോളിന്റെ വീട്ടിൽ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെയായിരുന്നു സന്ദർശനം. തോമസ് ഐസക്ക് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റായി കുറിച്ചത്.
അനൂഷയുടേത് ആസ്ബറ്റോസ് ഇട്ട സാധാരണ വീടാണെന്നും വിദേശ പണം വാങ്ങിയെന്ന കേസിൽപ്പെട്ട വ്യക്തിയുടേത് ഇടത്തം സമ്പന്ന വീടായിരിക്കുമെന്ന് ഇ.ഡി പ്രതീക്ഷിച്ചായിരിക്കുമെന്നും തോമസ് ഐസക്ക് കുറിച്ചു.
‘കൊച്ചുവീടിന്റെ മുന്നിലുള്ള ആസ്ബറ്റോസ് മേൽക്കൂര പൂമുഖത്ത് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു. ഈ വീട് കണ്ടിട്ട് ഇഡി എന്തു പറഞ്ഞു? അവരും അമ്പരന്നുകാണും. വിദേശപണവും മറ്റും വാങ്ങിയെന്നല്ലേ കേസ്. അപ്പോൾ ഒരു ഇടത്തരം സമ്പന്ന വീടായിരിക്കും പ്രതീക്ഷിച്ചിരിക്കുക. അനുഷയുടെ വാക്കുകളിൽ: ”ന്യൂസ് ക്ലിക്കിൽ നിന്നും നേരിട്ടും അല്ലാതെയും കിട്ടിയ പണത്തെക്കുറിച്ച് ഇഡി ചോദിച്ചു. അവരോടു ഞാൻ പറഞ്ഞ മറുപടി എന്റെ വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ?’
ഡൽഹിയിൽ സിപിഐഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗമാണ് അനൂഷ. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ട്രഷററാണ്. കർഷക സമരത്തെക്കുറിച്ചും സിഎഎ വിരുദ്ധസമരത്തെക്കുറിച്ചുമെല്ലാം ഇ.ഡി അനൂഷയോട് ചോദിച്ചു. ഇന്നപ്പോഴും ജയിലിൽ കഴിയുന്ന സിഎഎ വിരുദ്ധസമരത്തിൽ പങ്കെടുത്ത ജാമിയയിലെ വിദ്യാർത്ഥികളെ അറിയുമോയെന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നു. അനുഷ അക്കാലത്ത് ന്യൂസ് ക്ലിക്കിന്റെ ഇന്റർനാഷണൽ റിപ്പോർട്ടർ ആയിരുന്നു. അതുകൊണ്ട് ഫീൽഡ് റിപ്പോർട്ടിംഗ് ഉണ്ടായിരുന്നില്ല. എങ്കിലും നിലപാടു വ്യക്തമാക്കി –
”ഈ രണ്ട് സമരങ്ങളും സംബന്ധിച്ച് ഞങ്ങളുടെ പാർടിയുടെ നിലപാട് അറിയാമല്ലോ. അതുതന്നെയാണ് എന്റെയും നിലപാട്.”
അനൂഷയുടെ വീടാകെ ഇ.ഡി പരിശോധിച്ചുവെന്നും കൂടുതൽ ചോദ്യം ചെയ്യുന്നതിനു ഡൽഹിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും തോമസ് ഐസക്ക് കുറിച്ചു.
‘വീടാകെ പരിശോധിച്ചു. ലോക്കൽ സെക്രട്ടറിയെ വിളിക്കാൻ ശ്രമിച്ച അമ്മയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. പോയപ്പോൾ തിരിച്ചു കൊടുത്തു. പക്ഷേ, അനുഷയുടെ ഫോണും ലാപ്പുമൊന്നും തിരിച്ചു കൊടുത്തില്ല. ആവശ്യപ്പെട്ടിട്ടും രസീത് നൽകാനും അവർ വിസമ്മതിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനു ഡൽഹിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ അനുഷ ന്യൂസ് ക്ലിക്കിൽ ഇല്ല. അസീം പ്രേംജി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിലാണു ജോലി ചെയ്യുന്നത്. ഇപ്പോൾ ജോലി ഇല്ലെങ്കിലും കർഷകസമരകാലത്തും സിഎഎ വിരുദ്ധസമരകാലത്തും ന്യൂസ് ക്ലിക്കിൽ ഉണ്ടായിരുന്നല്ലോ എന്നതാണ് ഇഡിയുടെ ന്യായം’.
എന്തിനു വേണ്ടിയാണ് തന്നെ ചോദ്യം ചെയ്യുന്നത്, എന്താണ് തന്റെ പേരിലുള്ള കുറ്റങ്ങൾ, എന്നൊക്കെയുള്ള അനൂഷയുടെ ചോദ്യങ്ങൾക്ക് ഭീഷണിയായിരുന്നു മറുപടി- ”മര്യാദയ്ക്കു സഹകരിച്ചാൽ നിങ്ങൾക്കു നല്ലത്. ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ.’
‘അനുഷയ്ക്ക് ഇല്ലാത്തതൊന്നു ഭയമാണ്. ഇഡി വന്നത് കേരളാ പൊലീസിനെ അറിയിച്ചുകൊണ്ടല്ല. പക്ഷേ, മാധ്യമ പ്രവർത്തകർ അറിഞ്ഞിരുന്നു. ഇഡിയുടെ പിന്നാലെ അവരും എത്തി. ഭയമുണ്ടോയെന്നു ചോദിച്ച അവരോട് അനുഷയുടെ പ്രതികരണം വീഡിയോയിൽ ലഭ്യമാണ്. ഭയമുണ്ടെങ്കിൽ ഞാൻ സിപിഎമ്മിൽ ചേരുമോ? അതെ. ഡൽഹിയിൽ ഇന്നു സിപിഐ(എം)ൽ സജീവമായി പ്രവർത്തിക്കുന്നതിനു ചെറിയ ധൈര്യമൊന്നും പോരാ’– തോമസ് ഐസക്ക് കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :
Story Highlights: Thomas Isaac fb post on visiting anusha paul