’12 വയസുകാരനായ ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ’; ഉടൻ വീട് നൽകുമെന്ന് അബുദാബിയിലെ ചാരിറ്റി സംഘടന നൊസ്റ്റാൾജിയ
ഭിന്നശേഷിക്കാരൻ തൊഴുത്തിൽ കഴിഞ്ഞ സംഭവത്തിൽ കിളിമാനൂർ നഗരൂരിലെ കുടുംബത്തിന് താത്കാലിക താമസത്തിന് വീട് നൽകുമെന്ന് അബുദാബിയിലെ സാംസ്‌കാരിക ചാരിറ്റി സംഘടന നൊസ്റ്റാൾജിയ അറിയിച്ചു. ലൈഫ് മിഷനിൽ വീട് പൂർത്തിയാകുന്നത് വരെ ഭിന്നശേഷക്കാരനും കുടുംബത്തിനും സംരക്ഷണം നൽകുമെന്നും സംഘടന അറിയിച്ചു. ട്വന്റിഫോർ വാർത്തയിലൂടെയാണ് അബുദാബിയിലെ സാംസ്‌കാരിക ചാരിറ്റി സംഘടന നൊസ്റ്റാൾജിയ വിവരം അറിയുന്നതും ആവശ്യമായ ഇടപെടൽ നടത്തിയതും. (12 year old differently abled boy and family got help)
4 ലക്ഷം രൂപയാണ് ലൈഫ് മിഷനിൽ വീടിനായി അനുവദിക്കുന്നത് ഇതിന് പുറമെ അധികമായി വരുന്ന നിർമാണത്തുക കുടുംബത്തിന് നൽകുമെന്നും നൊസ്റ്റാൾജിയ അറിയിച്ചു. അധികം വൈകാതെ കന്നുകാലി തൊഴുത്തിൽ കഴിയുന്ന നാലംഗ ദളിത് കുടുംബത്തിനെ മറ്റൊരു വീട്ടിലേക്ക് മാറ്റാനുള്ള നടപടികൾ ഉണ്ടാകും. വിഷയത്തിൽ ഭിന്നശേഷി കമ്മീഷണർ ഇടപെട്ടിരുന്നു.
കഴിഞ്ഞ ആറുമാസമായി 12 വയസുകാരനായ ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിലാണ്. ലൈഫിൽ വീട് നൽകാമെന്ന് മോഹിപ്പിച്ച ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഉണ്ടായിരുന്ന കൂര പൊളിച്ചു. ആദ്യഗഡു അനുവദിക്കാമെന്ന് പറഞ്ഞവർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറയുന്നു.
ഗത്യന്തരമില്ലാതെ മകനെയും തോളിലെടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറി.കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ വൈകി എന്ന സാങ്കേതിക കാരണമാണ് പഞ്ചായത്ത് പറയുന്നത്. ഭിന്നശേഷിക്കാരനായ കുഞ്ഞിനോട് കാണിച്ച പ്രവർത്തിക്ക് ക്രൂരത എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് കുടുംബം പ്രതികരിക്കുന്നത്.
Story Highlights: 12 year old differently abled boy and family got help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here