Advertisement

ഓണ്‍ലൈന്‍ വഴി ജോലി തട്ടിപ്പ്; അഞ്ച് ലക്ഷം തട്ടിയ ഡല്‍ഹി സ്വദേശികള്‍ പിടിയില്‍

October 13, 2023
Google News 2 minutes Read
Delhi natives arrested by wayanad police for online money fraud

വയനാട്ടില്‍ ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡല്‍ഹി സ്വദേശികള്‍ അറസ്റ്റില്‍. ദുബായിലെ ആശുപത്രിയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് പുല്‍പള്ളി സ്വദേശിനിയില്‍ നിന്ന് പണം തട്ടിയവരെയാണ് ആറു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡല്‍ഹിയില്‍ ചെന്ന് പിടികൂടിയത്. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി ബല്‍രാജ് കുമാര്‍ വര്‍മ്മ, ബീഹാര്‍ സ്വദേശിയായ നിലവില്‍ ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന രവികാന്ത്കുമാര്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി തട്ടിപ്പിനിരയായത്. ജോലിക്കായി പ്രമുഖ ഓണ്‍ലൈന്‍ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവതിയുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്ന്, യുവതിയെ ബന്ധപ്പെട്ട തട്ടിപ്പ് സംഘം അവരുടെ വ്യാജ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് യുവതിയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് വിവിധ ഫീസ് ആവശ്യത്തിലേക്ക് എന്ന് പറഞ്ഞാണ് തവണകളായി പണം വാങ്ങിയെടുത്തത്.

പരാതി ലഭിച്ച ശേഷം, കൃത്യമായ അന്വേഷണത്തില്‍ പണം വാങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ ബീഹാറിലും പരാതിക്കാരിയെ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഡല്‍ഹിയിലും ആണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. ഒടുവില്‍, ആറു മാസത്തെ വിശദമായ അന്വേഷത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ പൊലീസ് ഡല്‍ഹി ഉത്തംനഗറിലും തിലക്‌നഗറിലും ദിവസങ്ങളോളം നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്.

സിം കാര്‍ഡുകള്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും തട്ടിപ്പുകാര്‍ തിരിച്ചറിയല്‍ രേഖകളിലെ മേല്‍വിലാസം വ്യാപകമായി തിരുത്തുന്നതായി അന്വേഷണത്തില്‍ നിന്നും മനസിലായി. തുടര്‍ന്ന് തട്ടിപ്പ് സംഘത്തിന് മൊബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചു നല്‍കുന്ന ഉത്തംനഗര്‍ സ്വദേശിയായ ബല്‍രാജ് കുമാര്‍ വര്‍മ്മയെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബീഹാര്‍ സ്വദേശിയും എംസിഎ ബിരുദദാരിയുമായ രവി കാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അടുക്കല്‍ നിന്നും വ്യാജ ജോബ് വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിനുള്ള സോഴ്‌സ് കോഡ്, വൈബ് സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വ്വര്‍ വിവരങ്ങള്‍, നിരവധി ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍, പാസ്സ് ബുക്ക്, ചെക്ക് ബുക്കുകള്‍, ലാപ് ടോപ്പുകള്‍ എന്നിവയും പിടിച്ചെടുത്തു. തുടര്‍ന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ട്രാന്‍സിറ്റ് വാറന്റ് വാങ്ങി കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വയനാട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ ഷജു ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എ. അബ്ദുള്‍ സലാം, അബ്ദുള്‍ ഷുക്കൂര്‍, എം.എസ്. റിയാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിസണ്‍ ജോര്‍ജ്, റിജോ ഫെര്‍ണാണ്ടസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ജോബ് വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ സമീപിക്കുന്ന തൊഴില്‍ദാതാക്കളെ കുറിച്ച് യഥാര്‍ത്ഥ വെബ്സൈറ്റില്‍ നിന്നോ അല്ലങ്കില്‍ നേരിട്ടോ ആധികാരികത പരിശോധിക്കേണ്ടതാണന്ന് ജില്ലാ പൊലീസ് മേധാവി പദം സിംഗ് ഐ.പി.എസ് പറഞ്ഞു. ഒരു അംഗീകൃത സ്ഥാപനവും ഒ.ടി.പി, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങള്‍, വലിയ തുകയായി രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ വാങ്ങാറില്ല. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വൈബ് സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights: Delhi natives arrested by wayanad police for online money fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here