Advertisement

കിളിമാനൂർ ഷാൻ തിരോധാന കേസ്; പൊലീസ് നടത്തിയ ഡിഎൻഎ പരിശോധന പാളി

October 13, 2023
Google News 2 minutes Read
Kilimanoor Shan Disappearance Case; The DNA test conducted by the police failed

തിരുവനന്തപുരം കിളിമാനൂർ ഷാൻ തിരോധാനക്കേസിൽ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധന പാളി. ഒഡീഷയിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎൻഎ സാമ്പിൾ പരിശോധനയിൽ മൃതദേഹം ഷാനിന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഡിഎൻഎ സാമ്പിൾ കൃത്യമായി പരിശോധിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചു.

2022 ഡിസംബർ 10 നാണ് കിളിമാനൂർ സ്വദേശി ഷാനെ കാണാതാകുന്നത്. സുഹൃത്തായ തമിഴ്നാട് സ്വദേശിക്കൊപ്പം രാജ്യം ചുറ്റിക്കറങ്ങാൻ പോയതായിരുന്നു ഷാൻ. യാത്ര തുടങ്ങി ഒരു മാസത്തിനകം ഷാനെ കാണാതായി. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്താതെ പൊലീസ് അലംഭാവം കാട്ടുകയായിരുന്നു.

24 റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് കാര്യക്ഷമമായ അന്വേഷണത്തിന് നടപടികൾ ആരംഭിച്ചത്. സുഹൃത്തായ ലോറി ഡ്രൈവർ അയ്യപ്പനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഷാൻ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. യാത്രയ്ക്കിടെ ഷാൻ വഴിയിൽ കണ്ടൊരാളോടൊപ്പം പോയി എന്നാണ് അയ്യൻ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ മൊഴി മാറ്റുകയായിരുന്നു.

ഒഡീഷയിൽ മദ്യപിക്കുന്നതിനിടെയാണ് ഷാൻ മരിച്ചതെന്നും ഭയം കൊണ്ടാണ് ഇത് ആരോടും പറയാതിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഒഡീഷയിലെ ഒരു കടയിൽ മൃതദേഹം ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി. തുടർന്നാണ് കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം ഒഡീഷയിൽ എത്തി മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഒഡീഷയിൽ നിന്നുള്ള മൃതദേഹത്തിന്റെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്കായി കേരളത്തിലേക്ക് അയച്ചു.

എന്നാൽ ഈ പരിശോധനയിൽ മൃതദേഹം ഷാനിന്റേതാണെന്ന് സ്ഥിരീകരിക്കാനായില്ലെന്നാണ് പൊലീസ് പറയുന്നത്. ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. എന്നാൽ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നാണ് ഷാനിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്.

Story Highlights: Kilimanoor Shan Disappearance Case; The DNA test conducted by the police failed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here