വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം; ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ ഹര്‍ജി തള്ളി സുപ്രിംകോടതി

പാറശ്ശാല ഷാരോണ്‍ വധക്കേസല്‍ ഗ്രീഷ്മയ്ക്ക് തിരിച്ചടി. ഗ്രീഷ്മയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി. വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ നോട്ടീസ് അയയ്‌ക്കേണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നിലവില്‍ ഗ്രീഷ്മ ജാമ്യത്തിലാണ്.(Supreme Court rejects Grishma’s plea in Sharon murder case)
സംഭവം നടന്നതായി പറയുന്ന സ്ഥലം തമിഴ്‌നാട് ആണെന്നും നെയ്യാറ്റിന്‍കര കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും കാട്ടിയാണ് ഗ്രീഷ്മയും കൂട്ടു പ്രതികളും സുപ്രിംകോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കിയത്. കഴിഞ്ഞ ആഴ്ചയാണ് ഗ്രീഷ്മയ്ക്ക് ഉപാധികളോടെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതിനു പിന്നാലെയായിരുന്നു ഗ്രീഷ്മയുടെ സുപ്രിംകോടതിയിലെ ഹര്‍ജി.
ഷാരോണ്‍ വധം നടന്നതായി കേരള പൊലീസ് ആരോപിക്കുന്ന സ്ഥലം തമിഴ്‌നാട്ടിലാണ്. കേരള പൊലീസിന്റെ അധികാര പരിധിക്ക് പുറത്താണ് ഇവിടം. കുറ്റകൃത്യം നടന്നെങ്കില്‍ കേസ് അന്വേഷിക്കേണ്ടത് തമിഴ്‌നാട് പൊലീസ് ആണ്. ഇതിനുപകരം ഷാരോണ്‍ വധം അന്വേഷിച്ചത് കേരള പൊലീസ് ആയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതും തമിഴ്‌നാട്ടില്‍ അല്ല. നെയ്യാറ്റിന്‍കര കോടതിയുടെ അധികാര പരിധിക്ക് പുറത്താണ് മേഖല. പ്രതികളായി ആരോപിക്കപ്പെടുന്ന തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഹനിക്കുന്നതാണ് ഈ നടപടികള്‍. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണം. ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ അനുവദിച്ചില്ലെങ്കില്‍ ഏകപക്ഷീയമായ വിചാരണയ്ക്കാകും തങ്ങള്‍ വിധേയരാക്കുക എന്നും ഗ്രീഷ്മ ഹര്‍ജിയില്‍ ആരോപിച്ചു. ഗ്രീഷ്മയ്ക്ക് ഒപ്പം ഷാരോണ്‍ വധക്കേസിലെ കൂട്ടുപ്രതികളായ അമ്മയും അമ്മാവനും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പരാതിക്കാരാണ്. മാവേലിക്കര സബ് ജയിലില്‍ ആയിരുന്ന ഗ്രീഷ്മ ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
Story Highlights: Supreme Court rejects Grishma’s plea in Sharon murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here