Advertisement

പശ്ചിമേഷ്യയിലെ കണ്ണീർ മുനമ്പ്; യുദ്ധഭീകരത അടയാളപ്പെടുത്തുന്ന ​ഗാസ

October 15, 2023
Google News 1 minute Read
Gaza marks the terror of war

ഗാസ മുനമ്പ്. യുദ്ധക്കളമായ പശ്ചിമേഷ്യയെ കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം ഉയര്‍ന്നുവരുന്ന പേരാണ് ഗാസ സ്ട്രിപ്പ് എന്ന ഗാസ മുനമ്പ്. എന്താണ് ഗാസ? എങ്ങനെയാണ് ഗാസയെ യുദ്ധഭീകരതയ്‌ക്കൊപ്പം അടയാളപ്പെടുത്തുന്നത്? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പ് ഇസ്രായേലിന്റെ മാരകമായ ബോംബാക്രമണത്തിന് വിധേയമാണ്. ഇസ്രായേല്‍ 16 വര്‍ഷത്തെ നീണ്ട ഉപരോധം ശക്തമാക്കിയതിനെത്തുടര്‍ന്ന് ആശുപത്രികളും വൈദ്യുതിയും വെള്ളവുമടക്കം നിശ്ചലമായതോടെ ഗാസ കനത്ത മാനുഷിക പ്രതിസന്ധിയുടെ വക്കിലാണ്.

365 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഗാസയില്‍ 2.3 ദശലക്ഷം ആളുകള്‍ താമസിക്കുന്നുണ്ട്. ഗാസയില്‍ വര്‍ഷിച്ചത് ആകെ 6,000 ബോംബുകളെന്നാണ് ഇസ്രയേലി എയര്‍ഫോഴ്‌സ് തന്നെ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ മാത്രം വര്‍ഷിച്ചത് 16 ബോംബുകള്‍..

ഇനി ഗാസ മുനമ്പിനെ കുറിച്ചാണ്…ഗാസ മുനമ്പ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരു ചതുരശ്ര കിലോമീറ്ററില്‍ 5,500 ആളുകളാണ് ഇവിടെ വസിക്കുന്നത്. ഇസ്രയേലിന്റെ കാര്യത്തില്‍ ഇത് ഒരു ചതുരശ്ര കിലോമീറ്ററിന് ഏകദേശം 400 ആളുകള്‍ മാത്രമാണ്. ഗാസയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും യുവാക്കളാണ്, 65 ശതമാനവും 24 വയസ്സിന് താഴെയുള്ളവര്‍. പതിനാറ് വര്‍ഷമായി ഇസ്രായേല്‍ ഗാസയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ കര, വായു, കടല്‍ ഉപരോധം ഗാസയുടെ സമ്പദ്‌വ്യവസ്ഥയെ മാരകമായി തളര്‍ത്തുകയും ജനസഞ്ചാരത്തെ കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്തു.

ഇസ്രായേലിലേക്കും ഈജിപ്തിലേക്കും കടക്കാന്‍ ഗാസ നിവാസികള്‍ക്ക് പ്രത്യേക അനുമതി വേണം. സാധാരണയായി ഇങ്ങനെ അനുമതി ലഭിക്കുന്നത് അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണ്. എന്നാല്‍ അത് തന്നെ ലഭിക്കുന്നത് വലിയ പ്രയാസമേറിയ കാര്യവുമാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുകളിലൊന്നാണ് ഗാസയിലേത്. 45 ശതമാനം വരുമിത്. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നത് വര്‍ഷങ്ങളായി തുടരുന്നതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിനും ചികില്‍സയ്ക്കുമുള്ള പ്രവേശനവും ഗാസയിലെ ജനങ്ങള്‍ക്ക് അന്യമാണ്. ഇസ്രായേല്‍ ഉപരോധം മൂലം ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ എന്നാണ് ഗാസയെ വിളിക്കുന്നത്. ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ലീങ്ങള്‍ വസിക്കുന്ന ഗാസയില്‍, ക്രിസ്ത്യന്‍ സമൂഹം ചെറിയ ന്യൂനപക്ഷമാണ്.

ഗാസയിലെ 60 ശതമാനത്തിലധികം ജനങ്ങളും നിലവില്‍ ഇസ്രായേലില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ്. 1948 ല്‍ ഇസ്രായേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ 750,000 പലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് ഇസ്രായേല്‍ അപ്രത്യക്ഷമാക്കി.

ഗാസയെ മുഴുവനായി ഉപരോധിക്കുന്ന ഇസ്രയേല്‍?

ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഗാസജനതയ്ക്ക് നിഷേധിച്ചുകൊണ്ടുള്ളതാണ് ഇസ്രയേലിന്റെ സമ്പൂര്‍ണ ഉപരോധം. ഗാസയിലെ വൈദ്യുതിയുടെ ഭൂരിഭാഗവും ഇസ്രായേലി പവര്‍ ലൈനുകളില്‍ നിന്നാണ് വരുന്നത്. ചിലത് ഗാസയിലെ ഒരു പവര്‍ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. ഉപരോധം തുടങ്ങിയതോടെ ശനിയാഴ്ച മുതല്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഭാഗികമായി ഇല്ലാതായി. ഇതിന് മുന്‍പ് 2014ലാണ് ഇസ്രായേല്‍ അവസാനമായി ഗാസ ആക്രമിച്ചത്.

ഗാസ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

മെഡിറ്ററേനിയന്‍ കടലിലാണ് ഗാസ മുനമ്പ് സ്ഥിതി ചെയ്യുന്നത്. നോര്‍ത്ത് ഗാസ, ഗാസ സിറ്റി, ഡീര്‍ എല്‍ബലാഹ്, ഖാന്‍ യൂനിസ്, റഫ എന്നിങ്ങനെ അഞ്ച് ഗവര്‍ണറേറ്റുകളായി ഗാസയെ തിരിച്ചിരിക്കുന്നു. 2005ല്‍ തങ്ങളുടെ സൈന്യത്തെയും കുടിയേറ്റക്കാരെയും ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്‍വലിച്ചെങ്കിലും ഗാസയിലെ അതിര്‍ത്തികളുടെയും, വ്യോമമേഖലയുടെയും അടക്കം പൂര്‍ണ്ണ നിയന്ത്രണം ഇസ്രയേലിനുള്ളതിനാലാണ് ഗാസ ഒരു അധിനിവേശ പ്രദേശമായി കണക്കാക്കപ്പെടുന്നത്. 1967ല്‍ നടന്ന ആറ് ദിവസത്തെ യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേമും വെസ്റ്റ് ബാങ്കുമുള്‍പ്പെടെയുള്ള പലസ്തീന്റെ മറ്റ് പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനൊപ്പം ഇസ്രയേല്‍ ഗാസയുടെയും നിയന്ത്രണമേറ്റെടുത്തു. ഈ 1967 വരെ ഗാസ ഈജിപ്ഷ്യന്‍ നിയന്ത്രണത്തിലായിരുന്നു.1949 ഫെബ്രുവരി 24ലെ ഈജിപ്ഷ്യന്‍-ഇസ്രായേല്‍ യുദ്ധവിരാമ ഉടമ്പടിയില്‍ ഗാസ മുനമ്പിന്റെ നിലവിലെ അതിരുകളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

2005 മുതല്‍ ഇസ്രയേല്‍ ഗാസയില്‍ സൈനിക ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ ഏറ്റവും വലിയ ആക്രമണം 2014ലെതായിരുന്നു. ഏഴാഴ്ച നീണ്ടുനിന്ന ആ സൈനിക ആക്രമണത്തില്‍ രണ്ടായിരത്തിലധിക പലസ്തീനികളാണ് കൊല്ലപ്പെട്ടത്. പുതിയ യുദ്ധം ആരംഭിക്കുന്നത് മുന്‍പ് തന്നെ ഈ വര്‍ഷം 200ലധികം പലസ്തീനികള്‍ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിലവിലെ സൈനിക ആക്രമണത്തില്‍ ആയിരത്തിലധികം പലസ്തീനികളും കൊല്ലപ്പെട്ടു. യുദ്ധത്തിന്റെ അഞ്ചാം ദിവസം വരെയുള്ള ഔദ്യോഗിക കണക്കുകളനുസരിച്ച് 1,200 ഇസ്രായേലികളും കൊല്ലപ്പെട്ടു.

ഇന്ന് ഞങ്ങള്‍ക്ക് വെള്ളമില്ല, വെളിച്ചമില്ല, ഭക്ഷണമില്ല എന്ന് ഗാസ ജനത വിളിച്ചുപറയുമ്പോള്‍, പലസ്തീനികളെ മൃഗീയരായ ആളുകള്‍ എന്ന് വിശേഷിപ്പിച്ചാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഗാസയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധത്തെ ന്യായീകരിക്കുന്നത്.

Story Highlights: Gaza marks the terror of war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here