ഓസീസിന് ആദ്യജയം; ശ്രീലങ്കയെ തകർത്തത് 5 വിക്കറ്റിന്
ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയെ 5 വിക്കറ്റിന് തകർത്ത് ഓസീസ് ആദ്യജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ഓസ്ട്രേലിയ 209 റൺസിൽ ഒതുക്കുകയായിരുന്നു. 14.4 ഓവർ ബാക്കിനിൽക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓസീസിന്റെ തകർപ്പൻ ജയം. നാലു വിക്കറ്റുമായി ആദം സാംപയാണ് ശ്രീലങ്കയെ തകർത്തത്. ഓസീസിനായി ഓപണർ മിച്ചൽ മാർഷും (52) ജോഷ് ഇംഗ്ലിസും (58) ഹാഫ് സെഞ്ച്വറി നേടി.
നാലാം ഓവറിൽ ഡേവിഡ് വാർണറും (11) സ്റ്റീവ് സ്മിത്തും (പൂജ്യം) വിക്കറ്റിനു മുന്നിൽ കുരുങ്ങി കൂടാരം കയറി. അർധസെഞ്ച്വറിക്കു പിന്നാലെ മാർഷ് (52) വീണെങ്കിലും ലബുഷൈനും അഞ്ചാമനായെത്തിയ ജോഷ് ഇംഗ്ലിസും ലങ്കയുടെ പ്രതീക്ഷകൾ തകർത്തു. ഇടയ്ക്ക് ലബുഷൈനെ(40) കൂടി വീഴ്ത്തി മധുഷങ്ക മൂന്നാം വിക്കറ്റും സ്വന്തമാക്കി. പിന്നാലെ ഇംഗ്ലിസ് അർധസെഞ്ച്വറി പിന്നിട്ടു. വെല്ലാലഗെ ഇംഗ്ലിസിനെ (58) പുറത്താക്കിയെങ്കിലും മാക്‌സ്‌വെല്ലും (21 പന്തിൽ 31) മാർക്കസ് സ്റ്റോയ്‌നിസും (10 പന്തിൽ 20) ചേർന്ന് ഓസീസിനെ വിജയ തീരത്തെത്തിച്ചു.
കുശാൽ മെൻഡിസാണ് ഇന്ന് ലങ്കൻ സംഘത്തെ നയിച്ചത്. ക്യാപ്റ്റനായുള്ള ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ ടോസ് തുണച്ചപ്പോൾ മെൻഡിസ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരന്നു . പാത്തും നിസ്സങ്കയും(61) കുശാൽ പെരേരയും(78) ചേർന്ന് നല്ല തുടക്കമാണ് ലങ്കയ്ക്ക് നൽകിയത്. ഇടയ്ക്കു വന്ന മഴ ശരിക്കും വില്ലനായി. മഴയ്ക്കുശേഷം ഓസീസ് നായകൻ പാറ്റ് കമ്മിൻസ് രണ്ട് ഓപണർമാരെയും തിരിച്ചയച്ചു. പിന്നീട് നായകൻ ബാറ്റൺ സാംപയ്ക്ക് കൈമാറുകയായിരുന്നു. ചാരിത് അസലങ്കയ്ക്കു മാത്രമാണ് ശ്രീലങ്കൻ നിരയിൽ പിന്നീട് രണ്ടക്കം കാണാനായത്.
Story Highlights:Australia secures 1st win in ICC World Cup 2023, defeat Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here