ഡെന്മാർക്ക്-ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി എച്ച്എസ് പ്രണോയ്

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ നിന്ന് പിന്മാറി ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ബാഡ്മിന്റൺ താരം എച്ച്എസ് പ്രണോയ്. പരിക്കിനെ തുടർന്നാണ് താരത്തിൻ്റെ പിന്മാറ്റം. അദ്ദേഹത്തിന്റെ അഭാവത്തിൽ ലക്ഷ്യ സെൻ ആയിരിക്കും ഇന്ത്യയെ നയിക്കുക.
‘MRI സ്കാനിംഗിൽ പരിക്ക് സ്ഥിരീകരിച്ചു, ഈ മാസം ഒരു ടൂർണമെന്റിലും പങ്കെടുക്കില്ല. എനിക്ക് രണ്ടോ മൂന്നോ ആഴ്ച കായികരംഗത്ത് നിന്ന് വിട്ടുനിൽക്കേണ്ടിവരും. അതുകൊണ്ട് എനിക്ക് ഡെന്മാർക്കിലും ഫ്രാൻസിലും കളിക്കാൻ കഴിയില്ല’- പ്രണോയ് പിടിഐയോട് പറഞ്ഞു. ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസ് ബാഡ്മിന്റണിലെ ഇന്ത്യയുടെ 41 വർഷത്തെ മെഡൽ വരൾച്ചയാണ് 31-കാരൻ അവസാനിപ്പിച്ചത്.
ഏഷ്യൻ ഗെയിംസിൽ പുരുഷ ടീം ഇനത്തിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് ലക്ഷ്യയാണ്. ലോക റാങ്കിങ്ങിൽ 15-ാം സ്ഥാനത്തുള്ള ലക്ഷ്യ ഏഷ്യൻ ഗെയിംസിൽ തോൽവിയറിയാതെ നിന്നു. ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ തായ്‌ലൻഡിന്റെ കാന്റഫോൺ വാങ്‌ചറോയനെതിരേയാണ് അദ്ദേഹം കളിക്കുക.
രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ പിവി സിന്ധുവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്കോട്ട്ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെയാണ് സിന്ധു നേരിടുക. പുരുഷന്മാരിൽ ലോക റാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്ത് ആദ്യ മത്സരത്തിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ നേരിടും. നിലവിൽ ലോക റാങ്കിങ്ങിൽ 30-ാം സ്ഥാനത്തുള്ള പ്രിയാൻഷു രജാവത്ത്, ലോക 14-ാം നമ്പർ താരം ലീ സി ജിയുമായി ഏറ്റുമുട്ടും.
പുരുഷവിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ള സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടിൽ മലേഷ്യയുടെ ഓങ് യു സിൻ, ടിയോ ഈ യെ എന്നിവരെ നേരിടും. എംആർ അർജുൻ, ധ്രുവ് കപില ജോഡികളും ഈ മത്സരത്തിൽ പങ്കെടുക്കില്ല. ഹാങ്‌ഷുവിലാണ് അർജുന് പരിക്കേറ്റത്. ഏഷ്യൻ ഗെയിംസിന് ശേഷം കോർട്ടിലേക്ക് മടങ്ങുന്ന വനിതാ ജോഡി തൃഷ ജോളിയും ഗായത്രി ഗോപിചന്ദും തായ്‌ലൻഡിന്റെ ബെന്യപ്പ എയിംസാർഡ്, നുന്തകർൺ എയിംസാർഡ് എന്നിവരെ നേരിടും.
Story Highlights: Injured HS Prannoy Withdraws From Denmark And French Open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here